class

പത്തനംതിട്ട: ജില്ലയിലെ പൊതുവിദ്യാലയങ്ങളുടെ പൂർണ ഹൈടെക്ക് പ്രഖ്യാപനം ഉടൻ നടത്താൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാതല കർമസമിതി യോഗം തീരുമാനിച്ചു. എ.ഡി.എം അലക്‌സ് പി.തോമസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാതല കർമസമിതി യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ മുഴുവൻ പൊതുവിദ്യാലയങ്ങളും ഹൈടെക്ക് ആക്കുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ജില്ലയിൽ എൽ.പി, യു.പി, ഹൈസ്‌ക്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായുള്ള 927 സ്‌ക്കൂളുകളിൽ ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി ഉപകരണങ്ങൾ നൽകി. ജില്ലയിൽ 1660 ഹൈടെക് ക്ലാസ് മുറികളാണ് ആകെയുള്ളത്.
അട്ടത്തോട് ട്രൈബൽ എൽ.പി സ്‌കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ പട്ടികവർഗ വകുപ്പിനോട് അഭ്യർത്ഥിച്ചു. മാനസിക സമ്മർദം അനുഭവിക്കുന്ന കുട്ടികളെ സഹായിക്കാൻ അദ്ധ്യാപകർക്കു പരിശീലനം നൽകാൻ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്താൻ യോഗം തീരുമാനിച്ചു. ജില്ലയിലെ ഓൺലൈൻ പഠന പരിപാടി സംബന്ധിച്ച് വിലയിരുത്തി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.കെ. ഹരിദാസ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ രാജേഷ് എസ്.വളളിക്കോട്,ഡയറ്റ് പ്രിൻസിപ്പൽ പി.പി.വേണുഗോപാൽ, പത്തനംതിട്ട ഡി.ഇ.ഒ രേണുകാഭായി, എസ്.എസ്.കെ ഡി.പി.ഒ കെ.വി അനിൽ, കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ വി.സുദേവ്കുമാർ, പി.ഡബ്ല്യു.ഡി ഡെപ്യൂട്ടി എക്‌സിക്യുട്ടീവ് എൻജിനിയർ പി.കെ. ശുഭ തുടങ്ങിയവർ പങ്കെടുത്തു.

സ്‌കൂളുകൾക്കായി വിതരണം

ചെയ്തിട്ടുള്ള ഉപകരണങ്ങൾ

ലാപ്‌ടോപ്പ് 4022, പ്രൊജക്ടർ 2515, എൽ.ഇ.ഡി ടെലിവിഷൻ 254, മൾട്ടി ഫങ്ഷൻ പ്രിന്റർ 248, ഡിഎസ്എൽആർ ക്യാമറ 255, വെബ് ക്യാം 266, സ്പീക്കർ 3287.