ചെങ്ങന്നൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശാസ്താംപുറം ചന്തയിലും പരിസര പ്രദേശങ്ങളിലും കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ പ്രത്യേക സമിതി യോഗം തീരുമാനിച്ചതായി നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു.പടിഞ്ഞാറു വശത്തെ വഴിയിൽക്കൂടി വേണം ചന്തയിലേക്ക് പ്രവേശിക്കാൻ.പുറത്തേക്ക് ഇറങ്ങുന്നവർ കിഴക്കുവശത്തെ വഴി ഉപയോഗിക്കണം.സുരക്ഷാ നിയന്ത്രണങ്ങൾക്കായി പൊലീസിനേയും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരെയും ചുമതലപ്പെടുത്തും. കൂടുതൽ പൊലീസുകാരുടെ സേവനം ലഭ്യമാക്കാൻ നഗരസഭാ ചെയർമാൻ ജില്ലാ പൊലീസ് ചീഫിന് കത്തു നൽകും. മാർക്കറ്റ് റോഡിൽ വഴിയോരക്കച്ചവടം നടത്തുന്നവർക്കെതിരെ കർശന ശിക്ഷണ നടപടി സ്വീകരിക്കും. ഇവർ മാർക്കറ്റിനകത്തേക്ക് മാറി കച്ചവടം നടത്തണം. മാർക്കറ്റ് റോഡിൽ വാഹനങ്ങൾ അധികനേരം പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
മൊത്ത വ്യാപാരക്കാർക്ക് നോട്ടീസ് നൽകും
മൊത്തവ്യാപാരം ഉൾപ്പെടെയുള്ള കച്ചവടക്കാർ വ്യാപാര സ്ഥാപനങ്ങളിലെ തിരക്ക് നിയന്ത്രിച്ച് സാമൂഹ്യ അകലം പാലിക്കാത്ത പക്ഷം ആദ്യഘട്ടത്തിൽ നഗരസഭ നോട്ടീസ് നൽകും. തുടർന്നും നിയമ ലംഘനം നടത്തിയാൽ ലൈസൻസ് റദ്ദുചെയ്യുന്നതുൾപ്പെടെയുള്ള കർശന ശിക്ഷണ നടപടി സ്വീകരിക്കും. അന്യസംസ്ഥാനങ്ങളിൽ നിന്ന് ചരക്കുമായി എത്തുന്ന ലോറികളുടെ ഡ്രൈവർമാർക്കും ക്ലീനർമാർക്കും പ്രത്യേക വിശ്രമ കേന്ദ്രവും ടോയ്‌ലറ്റ് സൗകര്യവും ഏർപ്പെടുത്തും. മാർക്കറ്റിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കും പ്രത്യേകം ടോയ്‌ലറ്റും തുറക്കും.
മാസത്തിൽ ഒരുതവണ ആന്റിജൻ ടെസ്റ്റ്
സുരക്ഷയുടെ ഭാഗമായി മാർക്കറ്റിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കും മാസത്തിൽ ഒരുതവണ ആന്റിജൻ ടെസ്റ്റ് നടത്തുന്നതിനായി ഡി.എം.ഒ യ്ക്ക് കത്തുനൽകും. വാർഡ് കൗൺസിലർ ശ്രീദേവി ബാലകൃഷ്ണൻ അദ്ധ്യക്ഷയായും ചന്തയുടെ സുരക്ഷാ ക്രമീകരണങ്ങൾക്കായുള്ള പ്രത്യേക സമിതി രൂപീകരിച്ചു.നഗരസഭ, പൊലീസ്, റവന്യൂ എന്നീ വകുപ്പുതല ഉദ്യോഗസ്ഥർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ,ചന്തയിലെ കച്ചവടക്കാരുടെ പ്രതിനിധികൾ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.യോഗങ്ങൾ ഇടയ്ക്കു ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും ചന്തയിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.പ്രത്യേക സമിതി യോഗത്തിൽ നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു