ചെങ്ങന്നൂർ: നഗരസഭയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 25000 പേർക്കുള്ള രണ്ട് ഘട്ട പ്രതിരോധ മരുന്നുകളുടെ വിതരണം ആരംഭിച്ചതായി നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്നും പ്രത്യേകമായി തുക അനുവദിച്ചാണ് കൂടുതൽ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്നത്. നഗരസഭ ഓഫീസിന് താഴത്തെ നിലയിലുള്ള ഹോമിയോ ആശുപത്രിയിൽ നിന്നും സൗജന്യമായി മരുന്ന് ലഭിക്കും. അവധി ദിവസങ്ങളൊഴികെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ആശുപത്രിയുടെ പ്രവർത്തന സമയം. ആയൂർവേദ കൊവിഡ് പ്രതിരോധ മരുന്നുകൾക്കായി പദ്ധതി ആസൂത്രണത്തിൽ രണ്ട് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വൈകാതെ സൗജന്യമായി ആയൂർവേദ മരുന്നുകളും വിതരണം ചെയ്യുമെന്നും നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു.