അട്ടച്ചാക്കൽ: വഞ്ചിപ്പടിയിലെ അപകട വളവിൽ അപകടാവസ്ഥ ഒഴിവാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ.കെ.യു.ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ചു.മേയ് മാസത്തിൽ അപകടത്തിൽ പെട്ട് യുവാവ് മരിച്ചതിനെ തുടർന്ന് എം.എൽ.സ്ഥലം സന്ദർശിക്കുകയും,തുടർന്ന് റോഡിന് വീതി കൂട്ടി സുരക്ഷാമാർഗങ്ങൾ സ്വീകരിച്ച് അപകടം ഒഴിവാക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കുകയും ചെയ്തിരുന്നു.പൊതുമരാമത്ത് നിരത്തുകൾ വിഭാഗം ചീഫ് എൻജിനിയർക്ക് എം.എൽ.എ കത്തും നൽകിയിരുന്നു. ഇതേതുടർന്ന് ചീഫ് എൻജിനിയർ റോഡ് സേഫ്റ്റി ഫണ്ടിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപ അനുവദിച്ചു. റാന്നി കേന്ദ്രമായി പ്രവർത്തിക്കുന്ന വളയനാട് കൺസ്ട്രക്ഷനാണ് പ്രവർത്തിയുടെ ടെൻഡർലഭിച്ചത്.
ഉൾപ്പെടുത്തിയിരിക്കുന്നത്
സുരക്ഷ ഉറപ്പാക്കുന്നതിനായി വളവിൽ ബേം പ്രൊട്ടക്ഷൻ നടത്തി വീതി കൂട്ടുകയും, ഐറിഷ് ഡ്രെയിൻ,രണ്ട് കോൺവെക്‌സ് മിററുകൾ,രണ്ട് സൈൻ ബോർഡ്, അൻപത് മീറ്ററിൽ ക്രാഷ് ബാരിയർ, റോഡിൽ 140 സ്റ്റഡ് സ്ഥാപിക്കൽ തുടങ്ങിയവയാണ് വർക്കിൽ ഉൾപ്പെടുത്തിയിരുന്നത്.
പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യം
നിരവധി അപകടങ്ങൾ ഉണ്ടായ ഈ പ്രദേശത്തെ വളവിന്റെ അപകടാവസ്ഥ ഒഴിവാക്കാൻ നടപടി വേണം എന്നത് പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ പണികൾ നടക്കുന്നതു വരെ വാഹനങ്ങൾ വേഗത കുറച്ച് പോകുന്നതിന് ബാരിക്കേഡ് ഉപയോഗിച്ച് സ്പീഡ് ബ്രേക്കർ എം.എൽ.എ യുടെ നിർദ്ദേശപ്രകാരം പൊലീസ് സ്ഥാപിച്ചിരുന്നു.കോന്നി വെട്ടൂർ റോഡ് ബി.എം.ആൻഡ് ബി.സി ആക്കിയപ്പോഴുള്ള അശാസ്ത്രീയതയെല്ലാം പൊതുമരാമത്ത് വകുപ്പ് പരിശോധിക്കണമെന്നും എം.എൽ.എ നിർദ്ദേശം നല്കിയിരുന്നു. ടെൻഡർ ചെയ്തിരുന്ന പ്രവർത്തി പൂർത്തീകരിച്ച് മിററും സ്ഥാപിച്ചു.എം.എൽ.എയുടെ സാന്നിദ്ധ്യത്തിലാണ് മിറർ സ്ഥാപിച്ചത്.എം.എൽ.എയോടൊപ്പം പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ എസ്.റസീന,അസി.എൻജിനിയർ അഞ്ജു,ജിജോ മോഡി തുടങ്ങിയവരും ഉണ്ടായിരുന്നു.
വളവിൽ അപകട ഭീഷണി ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചെങ്കിലും,ടിപ്പർ ലോറികളുടെ അമിതവേഗവും, മത്സര ഓട്ടവും നിയന്ത്രിക്കാൻ തുടർന്നും പൊലീസ് കർശന നടപടി സ്വീകരിക്കും
കെ.യു ജനീഷ് കുമാർ
(എം.എൽ.എ)
-14 ലക്ഷം അനുവദിച്ചു