തിരുവല്ല: പ്രളയം ഉണ്ടായാലും വെള്ളം കയറാത്ത തിരുവല്ല കടപ്രയിലെ ഫോമാ വീടുകൾ ശ്രദ്ധയാകർഷിക്കുന്നു. പമ്പാനദിയിൽ രണ്ട് മീറ്ററിലധികം ജലനിരപ്പ് ഉയരുകയും തീരപ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറിയെങ്കിലും അപ്പർകുട്ടനാട്ടിലെ ഫോമാ വീടുകൾ വെള്ളം കയറാതെ ഉയരത്തിൽ നിൽക്കുകയാണ്. ഫെഡറേഷൻ ഒഫ് മലയാളി അസോസിയേഷൻസ് ഇൻ അമേരിക്കയുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷം ജൂണിലാണ് 32 വീടുകൾ ഭവനരഹിതർക്കായി നിർമ്മിച്ചു നൽകിയത്. ഇവയിൽ 11 എണ്ണത്തിന് ലൈഫ് മിഷന്റെ 4 ലക്ഷം രൂപവീതം ലഭിച്ചിരുന്നു. ബാക്കിയുള്ളവയെല്ലാം ഫോമയുടെ സ്വന്തം ചെലവിലാണ് പണിതീർത്തത്. രണ്ടുകോടിയിലധികം രൂപ ഇതിനായി ചെലവഴിച്ചു. 450 ചതുരശ്ര അടിയുള്ള ഓരോ വീടും 6 തുണുകളിൽ ഉയർത്തിയാണ് നിർമിച്ചത്. തൂണുകൾക്ക് 8 അടിവരെ ഉയരമുണ്ട്. അതിനാൽ വലിയ പ്രളയത്തിലും ഇവയ്ക്കുള്ളിൽ വെള്ളം കയറില്ല. ഓരോ വീടിനും 7.5 ലക്ഷം രൂപ വീതം ചെലവാക്കിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. മലബാർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തണൽ ചാരിറ്റി സംഘടനയാണ് ഇത്തരത്തിലുള്ള വീടുകളുടെ നിർമ്മാണ ചുമതല ഏറ്റെടുത്ത് നടത്തിയത്. ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, സെക്രട്ടറി ജോസ് എബ്രഹാം, പ്രോജക്ട് കൺവീനർമാരായ അനിയൻ ജോർജ്ജ്, ടി.ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വീടുകളുടെ നിർമാണം.
അപ്പർകുട്ടനാടൻ മേഖലകളിൽ വെള്ളപ്പൊക്കം ഉണ്ടായാൽ ഒരാഴ്ചയോളം നീണ്ടുനിൽക്കും. ഇത്തരത്തിലുള്ള ദുരിതം വർഷങ്ങളായി അനുഭവിച്ച കുറെ കുടുംബങ്ങളെ കണ്ടെത്തിയാണ് ഫോമയുടെ നേതൃത്വത്തിൽ വീടുകൾ നിർമ്മിച്ചു നൽകിയത്. പുതിയ നിർമ്മാണരീതി അപ്പർകുട്ടനാട്ടിലെ സമാനദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലും പലരും പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. കൊവിഡിന്റെ പ്രശ്നങ്ങൾ ഒഴിയുന്നതോടെ ഇത്തരത്തിലുള്ള വീടുകൾ കൂടുതൽ ആളുകളെ കണ്ടെത്തി നിർമ്മിച്ച് നൽകുമെന്ന് പദ്ധതിയുടെ കോർഡിനേറ്റർ അനിൽ എസ്. ഉഴത്തിൽ പറഞ്ഞു.