കൊടുമൺ : മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴംകുളം പഞ്ചായത്തിന് ഒരു കോടി 50 ലക്ഷം രൂപ അനുവദിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി നിലവിലുള്ള റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കായിട്ടാണ് തുക ചെലവഴിക്കുന്നത്. ഏഴംകുളംഅറുകാലിക്കൽ സൊസൈറ്റിപ്പടി - ഈഴം കോട്ട് ചിറ, കുതിരമുക്ക് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ചിറ്റയം ഗോപകുമാർ എം.എൽ.എ പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിച്ചു.ഏഴംകുളം പഞ്ചായത്തിലെ 20,18,16, വാർഡുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ സൈഡ് കെട്ടി ബലപ്പെടുത്തുകയും, വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ഓട നിർമ്മിച്ചും, റോഡ് റീ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുന്നതിന് 30 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.തൊടുവക്കാട് മുരുകൻ കുന്ന് പാറക്കൽ റോഡിന് 20 ലക്ഷം,മൂന്നാം വാർഡിലെ ഓലിക്കൽ കരിഞ്ചേറ്റിൽ -മണിമലമുക്ക് റോഡിന് 20 ലക്ഷം, ഇളങ്ങമംഗലം-പടിഞ്ഞാറേ തുണ്ടിൽപ്പടി -തെക്കേ മാമ്പുഴയത്ത് റോഡ് 10 ലക്ഷം, ഇളങ്ങമംഗലം- പൂവത്താൻ കുഴി- കുമരൻ വിള കോളനി റോഡ് 10 ലക്ഷം, തെങ്ങു വിളപ്പടി വല്ല്യാകുളം റോഡ് റീ ടാറിംഗിന് 15 ലക്ഷം,മാങ്കൂട്ടം കുതിരമുക്ക് റോഡിന് 25 ലക്ഷം,ഓന്തുപുഴ ചരുവിലാപ്പടി റോഡിന് 10ലക്ഷം എം സി റോഡ് വാറു വല്ലശ്ശേരിപ്പടി റോഡിന് 10 ലക്ഷം എന്നീ ക്രമത്തിലാണ് തുക അനുവദിച്ചിട്ടുള്ളത്.യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ബി.ലത അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.മോഹനൻ സ്വാഗതം പറഞ്ഞു. പഞ്ചായത്തംഗം ഷീജ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ പ്രസന്നകുമാർ, ആർ തുളസീധരൻ പിള്ള, ആർ കമലാസനൻ ബിജോ എം ജോർജ്, അസിസ്റ്റൻ്റ് എൻജിനിയർ ജയ എന്നിവർ പങ്കെടുത്തു.