പത്തനംതിട്ട : ഓണപ്പരീക്ഷ ഇല്ലാതെ ഒരോണക്കാലമാണ് വരുന്നത്. പരീക്ഷ വേണമെന്നും വേണ്ടെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ കൊവിഡ് പ്രതിസന്ധിയിലും നടത്തിയിരുന്നു. എന്നാൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിനാൽ ഓണ പരീക്ഷ നടത്തുന്നത് ബുദ്ധിമുട്ടാകും. ഓൺലൈൻ ക്ലാസുകൾ സാധാരണ ക്ലാസുകൾക്ക് പകരമാവില്ലെന്ന് പറയുമ്പോഴും ഓണം കഴിഞ്ഞും പരീക്ഷ നടത്തണമെന്നാണ് ചില അദ്ധ്യാപകരുടെ പക്ഷം. എഴുത്ത് പരീക്ഷ നടത്തിയാലെ കുട്ടികളെ വിലയിരുത്താൻ കഴിയു എന്നാണ് ഇവരുടെ വാദം. കുട്ടികൾ എത്രമാത്രം പഠിച്ചുവെന്നോ പഠിക്കുന്നുണ്ടെന്നോ വിലയിരുത്താതെയാണിത്. രക്ഷിതാക്കളിൽ ചിലരും അദ്ധ്യാപകരിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസ് ഒരു പോലെയല്ല. ടി.വിയെ മാത്രം ആശ്രയിക്കുന്നവർ അനവധിയാണ്. അങ്ങനെയുള്ളവർക്ക് വീണ്ടും കാണാനുള്ള അവസരമില്ല. പഠിക്കാൻ ഏറ്റവും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ എങ്ങനെ ഉപകരിക്കുന്നുവെന്ന് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. പൂക്കളവും കൂട്ടുകാരോടൊപ്പമുള്ള സദ്യയും ആഘോഷങ്ങളും ഒന്നുമില്ലാതെയാണ് വിദ്യാർത്ഥികളുടെ ഓണക്കാലം.
"എഴുത്ത് പരീക്ഷകൾ നടത്തി മാർക്കിട്ട് കുട്ടികളെ സമ്മർദ്ദത്തിലാക്കേണ്ടതില്ല. പകരം പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നൽകുന്ന പ്രവർത്തനങ്ങൾക്ക് കുട്ടികൾ നൽകുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ മതി. ഓരോ കുട്ടിയേയും പ്രത്യേകമായി പരിഗണിച്ച് പിന്തുണ നൽകേണ്ട ഈ സന്ദർഭത്തിൽ എഴുത്തുപരീക്ഷകൾ നടത്തുന്നത് കുട്ടികളുടെ സാമൂഹ്യമായ സാഹചര്യങ്ങൾ പരിഗണിക്കാതെയുള്ള ശ്രമമാണ്. കുട്ടികളെ നിരന്തരം വിലയിരുത്തി മെച്ചപ്പെടുത്തണം."
രാജേഷ് എസ്. വള്ളിക്കോട്