പത്തനംതിട്ട: വേദിയിൽ ഇടം കിട്ടാതിരുന്നത് മൂലം നഗരസഭാ ചെയർപേഴ്സൺ റോസ്‌ലിൻ സന്തോഷ് ജില്ലാ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്കരിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ആഘോഷ പരിപാടിയിൽ നഗരസഭയുടെ പ്രഥമ വനിതയ്ക്ക് പ്രാധാന്യം നൽകേണ്ടതായിരുന്നു. കഴിഞ്ഞ വർഷം വരെ നഗരസഭ അദ്ധ്യക്ഷൻമാരെ സ്വാതന്ത്യദിന പരിപാടിയിൽ പങ്കെടുപ്പിച്ചിരുന്നു. ചടങ്ങ് നടന്ന ജില്ലാ സ്റ്റേഡിയം നഗരസഭയുടെ ഉടമസ്ഥതയിലുള്ളതായതിനാൽ ആ നിലയ്ക്കും വേദിയിൽ ഒരു കസേര ചെയർപേഴ്സണ് അർഹതപ്പെട്ടതാണ്. രാവിലെ 8.30ന് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ റോസ്ലിൻ കണ്ടത് വേദിയിൽ റിസർവ് ചെയ്ത കസേരകളിൽ മുഖ്യാതിഥികൾ ഇരിക്കുന്നതാണ്. വേദിയിൽ എം പി,എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികൾ എന്നിവർക്ക് ഇരിക്കാൻ പ്രത്യേകം കസേര നൽകിയപ്പോൾ റോസ്ലിന് ഇരിപ്പിടം നൽകിയില്ല .ചെയർ പേഴ്സൺ 15 മിനിട്ടോളം വേദിക്ക് മുന്നിൽ നിന്ന ശേഷം പുറത്തേക്ക് പോയി. പോകുന്ന വഴിയിൽ കളക്ടറെ കണ്ട് പരാതി പറഞ്ഞു . ഉടൻ കസേര ക്രമീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയെങ്കിലും ചെയർപേഴ്സൺ പിന്നീട് പോകാൻ തയാറായില്ല.സ്വാതന്ത്ര്യ ദിനാഘോഷത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കി കൊടുത്തത് നഗരസഭ ആയിരുന്നെന്ന് ചെയർപേഴ്സൺ പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് തന്നെ നഗരസഭ ചുമതലയിൽ ജില്ലാ സ്റ്റേഡിയത്തിലെ കാടു തെളിച്ച് വൃത്തിയാക്കി. വേദിയിലേക്ക് വേണ്ട കസേരകൾ നഗരസഭയിൽ നിന്നാണ് കൊണ്ടുവന്നത് . ഇതിനുപുറമേ ചടങ്ങിൽ സംബന്ധിച്ചവർക്കെല്ലാം മാസ്ക്.സാനിട്ടൈസർ എന്നിവ നൽകി ശുചീകരണ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.താലൂക്ക് ഓഫീസും വില്ലേജ് ഓഫീസും ചേർന്നാണ് ഇരിപ്പിട ക്രമീകരണം നടത്തിയിയത്.