തിരുവല്ല: തിരുവല്ല സബ് ഗ്രൂപ്പ് പരിധിയിലെ ശ്രീവല്ലഭ ക്ഷേത്രം അടക്കമുള്ള ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ഇന്നുമുതൽ ഭക്തരെ പ്രവേശിപ്പിക്കും. കൊവിഡ് ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിൽ ഭക്തർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ചിങ്ങം ഒന്ന് മുതൽ ഇളവ് നൽകാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണിത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 25 മുതലാണ് ക്ഷേത്ര ദർശനത്തിൽ ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. കർശന നിയന്ത്രണങ്ങളോടെയാണ് ദർശന സൗകര്യം ഒരുക്കുന്നത്. ഒരേസമയം അഞ്ച് പേരെ മാത്രമേ നാലമ്പലത്തിനുള്ളിൽ പ്രവേശിപ്പിക്കും. അഞ്ചുപേർ ദർശനം പൂർത്തിയാക്കി ഇറങ്ങുന്ന മുറയ്ക്ക് അടുത്ത അഞ്ച് പേരെ പ്രവേശിപ്പിക്കും. ദർശനത്തിനെത്തുന്നവരുടെ പേര് വിവരങ്ങൾ രേഖപ്പെടുത്താൻ എല്ലാ ക്ഷേത്രങ്ങളിലും സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ക്ഷേത്രത്തിലെത്തുന്നവർ സാമൂഹ്യ അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും സബ് ഗ്രൂപ്പ് ഓഫീസർ അറിയിച്ചു.