പത്തനംതിട്ട : കൊവിഡ് ബാധിച്ച് ജില്ലയിൽ രണ്ടുപേർ മരിച്ചു. തിരുവല്ല കുറ്റൂർ കൊണ്ടോടി വീട്ടിൽ പി.എ.മാത്യു (കുഞ്ഞുമോൻ - 60), കോന്നി എലിയറയ്ക്കൽ തടത്തിൽ വീട്ടിൽ മുഹമ്മദ് ബഷീറിന്റെ ഭാര്യ ഷെബർഹാൻ ബീവി (56) എന്നിവരാണ് മരിച്ചത്.
കിഡ്നി രോഗത്തെത്തുടർന്ന് ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മാത്യുവിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിലേക്ക് മാറ്റി. ശനിയാഴ്ച രാത്രി മരിച്ചു. കുറ്റൂർ ജംഗ്ഷനിൽ എ.സി റിപ്പയറിംഗ് ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യ: ഓമന. മക്കൾ: നിത്യ, സൗമ്യ, സോണിയ. മരുമക്കൾ: പ്രവീൺ, റോബിൻ, ജോയൽ. കൊവിഡ് നിബന്ധനകൾ പാലിച്ച് കുറ്റൂർ സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ മൃതദേഹം ദഹിപ്പിച്ചു.
വൃക്കരോഗത്തെ തുടർന്ന് തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഷെബർഹാൻ ബീവി. നില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച രാത്രി മരിച്ചു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോന്നി ടൗൺ ജുമാ മസ്ജിദിൽ കബറടക്കം നടത്തി. മക്കൾ : ഷാം, ഷിബു. മരുമകൾ : ഹസ്ന.
വാടാനപ്പിള്ളിയിൽ മരിച്ച വൃദ്ധയ്ക്ക് കൊവിഡ്
വാടാനപ്പിള്ളി: അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊവിഡ് ബാധിതയായ അത്താണിപ്പടി പടിഞ്ഞാറ് പണിക്കംപടി പരിസരത്ത് കണ്ടംപറമ്പത്ത് പരവിച്ചിറ പരേതനായ പ്രഭാകരന്റെ ഭാര്യ ശാരദ (78) മരിച്ചു.
വാടാനപ്പിള്ളി ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള മകളുടെ വീട്ടിൽ കഴിഞ്ഞ നാല് വർഷമായി താമസിച്ചു വരികയായിരുന്ന ശാരദയെ കാൻസർ ബാധിതയായി ഈ മാസം ഒന്നിനാണ് അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് കാൻസർ വാർഡിൽ പ്രവേശിപ്പിച്ചത്. എന്നാൽ അമല ആശുപത്രിയിൽ നിന്ന് നിരവധി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ശാരദയും കൂടെയുണ്ടായിരുന്ന മകളും കൊവിഡ് പൊസിറ്റീവായി. ഞായറാഴ്ച രാത്രിയായിരുന്നു മരണം. ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള മറ്റ് രണ്ട് മക്കൾ, മരുമക്കൾ, പേരക്കുട്ടികൾ ഉൾപ്പെടെ എട്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. സംസ്കാരം നടത്തി. മക്കൾ: ഇന്ദു, ബിന്ദു, സിന്ധു. മരുമക്കൾ: അശോകൻ, രാജു (എസ്.ഐ ഗുരുവായൂർ), പ്രദീപ്.
കൊവിഡ് ബാധിച്ച് പരപ്പനങ്ങാടി സ്വദേശിനി മരിച്ചു
മലപ്പുറം: കൊവിഡ് ബാധിച്ച് പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ (65) മരിച്ചു. സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ട്രൂനാറ്റ് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് രോഗിയെ കൊവിഡ് പ്രത്യേക ചികിത്സാകേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്. 15ന് രാത്രി രോഗി മരണത്തിന് കീഴടങ്ങി.
നിലമ്പൂരിൽ കൊവിഡ് ബാധിച്ച്
യുവാവ്മരിച്ചു
നിലമ്പൂർ: നിലമ്പൂരിൽ കൊവിഡ് ബാധിച്ച് യുവാവ് മരിച്ചു. രാമംകുത്ത് മൊബൈൽ പഞ്ചർ വർക്ക് ചെയ്യുന്ന സയ്യദ് നയാസ് പാഷ(47) ആണ് മരിച്ചത്. കർണാടക സ്വദേശിയായ ഇദ്ദേഹം വർഷങ്ങളായി നഗരസഭയിൽ സ്ഥിരം താമസക്കാരനാണ്. ആഗസ്റ്റ് ഒന്നിന് പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ പോയിരുന്നു. മൂന്നു ദിവസം കഴിഞ്ഞ് നിലമ്പൂരിൽ തിരിച്ചെത്തി ഹൗസ് ക്വാറന്റൈനിൽ പ്രവേശിച്ചു. ഇതിനിടെ പിതാവിന്റെ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ക്വാറന്റൈനിൽ കഴിയുന്നതിനിടെ പതിമൂന്നാം ദിവസമായ ശനിയാഴ്ച രാത്രി ഒമ്പതരയോടെ കടുത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ മരണപ്പെട്ടു. പരിശോധനയിൽ കൊവിഡാണെന്ന് സ്ഥിരീകരിച്ചു.
ഭാര്യ:റജീന പാടിക്കുന്ന്. മക്കൾ: സൈദ, സയ്യിദ് സഹൽ, സയ്യിദ് ഷഹ്സാൻ.