തിരുവല്ല: ജനവാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സർക്കാർ മൃഗാശുപത്രിയിലെ മാലിന്യങ്ങൾ അലക്ഷ്യമായി കത്തിക്കുന്നത് ആരോഗ്യ ഭീഷണി ഉയർത്തുന്നതായി പരാതി. എം.സി.റോഡിൽ കുറ്റൂർ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മൃഗാശുപത്രിയ്ക്കെതിരെയാണ് ആക്ഷേപമുയരുന്നത്. മൃഗാശുപത്രി കെട്ടിടത്തിന്റെ മുമ്പിലായി പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാണെന്നും ഈ മാലിന്യങ്ങൾ കത്തുമ്പോൾ ഉയരുന്ന പുക ശ്വാസതടസം അടക്കമുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായും സമീപവാസികൾ പരാതികൾ പറയുന്നു. ഇത്തരത്തിൽ മാലിന്യങ്ങൾ കത്തിക്കുന്നത് മൃഗാശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന ആയുർവേദാശുപത്രിയിൽ എത്തുന്നവരെയും ഏറെ ബുദ്ധിമുട്ടിക്കുന്നു. മാലിന്യങ്ങൾ അലക്ഷ്യമായി കത്തിക്കുന്നത് കഴിഞ്ഞദിവസം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിലക്കിയിരുന്നതായും ഇത് ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് പറഞ്ഞു.