coronavirus

തിരുവല്ല : കൊവിഡ് മുക്തരായിട്ടും ഉൗരുവിലക്കി ഒറ്റപ്പെടുത്തുന്നതിന്റെ തീരാവേദനയിലാണ് മുംബൈയിൽ നിന്ന് എത്തിയ മലയാളി കുടുംബം. നവമാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയും വീട്ടിലേക്കുള്ള വഴി മുടക്കിയും അയൽവാസികളായ ചിലർ ഉപദ്രവം തുടരുകയാണ്. തിരുവല്ല മതിൽഭാഗം കൗസ്തൂഭത്തിൽ സദാശിവനും (52) ഭാര്യ പ്രമീളയും വിദ്യാർത്ഥിയായ മകനുമാണ് കുപ്രചരണങ്ങൾ മൂലം ഏറെ പീഡനം അനുഭവിക്കുന്നത്. കൊവിഡിൽ നിന്ന് മുക്തി നേടിയിട്ടും രോഗവാഹകരായി ചിത്രീകരിച്ച് പൊതുയിടങ്ങളിൽ നിന്ന് മാറ്റിനിറുത്താൻ ചിലർ നിരന്തരം ശ്രമം നടത്തുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. വാർഡ് അംഗങ്ങളോട് ഉൾപ്പെടെ പൊതുപ്രവർത്തകരായ പലരോടും പരാതി പറഞ്ഞെങ്കിലും വ്യാജ പ്രചാരണങ്ങൾക്ക് കുറവൊന്നുമുണ്ടായിട്ടില്ല.

മുബൈയിൽ ബിസിനസ് നടത്തുന്ന സദാശിവനും കുടുംബവും ജൂണിലാണ് നാട്ടിൽ എത്തിയത്. പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടു. എന്നാൽ ഇൗ സമയം ചിലർ കുപ്രചരണങ്ങളുമായി രംഗത്തെത്തി. വാട്സ് ആപ് ഗ്രൂപ്പുകളിൽ കുടുംബത്തിന്റെ ചിത്രം പോസ്റ്റു ചെയ്തു, കൊവിഡ് പടർത്തുന്നതായുള്ള തരത്തിൽ കമന്റുകൾ രേഖപ്പെടുത്തി. ഇവരെ ഒറ്റപ്പെടുത്തണമെന്നും ഇവർ കയറിയ സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്നതരത്തിലുള്ള സന്ദേശങ്ങളും പ്രചരിപ്പിച്ചു. നിരീക്ഷണ കാലയളവിൽ അയൽപക്കത്തെ സുഹൃത്ത് ഭക്ഷണം എത്തിച്ചു നൽകിയെങ്കിലും ഇത് തടസപ്പെടുത്താനും ശ്രമം ഉണ്ടായി. മാനസികമായി തളർത്തി ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് പ്രദേശവാസികളിൽ ചിലർ നടത്തിക്കൊണ്ടിരിക്കുന്നത്.

അതേസമയം ആശുപത്രിയിൽ നിന്ന് വളരെ നല്ല അനുഭവമാണ് ഉണ്ടായതെന്ന് കുടുംബനാഥൻ പറഞ്ഞു. രോഗത്തിന് മരുന്നില്ലെങ്കിലും ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ഭാഗത്തുനിന്നുള്ള നല്ല പരിചരണം പ്രതിരോധശേഷിയും മാനസികാരോഗ്യവും വീണ്ടെടുക്കാൻ ഇവർക്ക് സഹായകമായി. കൊവിഡിനെ അതിജീവിച്ചവരാണെങ്കിലും, അംഗൻവാടി ജീവനക്കാരിയായ പ്രദേശവാസികൾ ഉൾപ്പെടുന്നവരുടെ ഒറ്റപ്പെടുത്തലിൽ മാനസികമായി ഏറെ തകർന്ന നിലയിലാണ് ഇൗ കുടുംബം.

......കൊവിഡ് ബാധിച്ചു എന്ന കാരണത്താൽ വീട്ടിലേക്കുള്ള വഴിയടച്ചും ഒറ്റപ്പെടുത്തിയും ഞങ്ങളെ ഒഴിപ്പിക്കാനാണ് ചിലർ ശ്രമം നടത്തുന്നത്.

എന്റെ കുടുംബത്തിന് നീതി ലഭിക്കണം. അധികൃതരുടെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാകണം.

സദാശിവൻ,

കുടുംബനാഥൻ