ചിറ്റാർ: വനപാലകരുടെ കസ്റ്റഡിയിൽ യുവകർഷകൻ പി.പി.മത്തായി മരിച്ച സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കൊലക്കുറ്റം ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ബി.ഡി.ജെ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റും, ഐ.ടി.ഡി.സി. ഡയറക്ടറുമായ കെ.പത്മകുമാർ ആവശ്യപ്പെട്ടു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന യുവകർഷകൻ മരിച്ചിട്ട് 17 ദിവസങ്ങളായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനൊ മൃതദേഹം സംസ്‌കരിക്കുന്നതിനോ കഴിഞ്ഞിട്ടില്ല. നീതി ആവശ്യപ്പെട്ട് സമരത്തിലായ കുടുബത്തെ സഹായിക്കാനും പ്രതികളെ നിയമത്തിന് മുൻപിൽ കൊണ്ടു വരാനും അടിയന്തര ഇടപെടൽ ഉണ്ടാവണം. യുവകർഷകനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഭാര്യയുടെയും മക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നും കെ.പത്മകുമാർ ആവശ്യപ്പെട്ടു. മത്തായിയുടെ ഭാര്യ ഷീബയെയും മറ്റ് കുടുംബാംഗങ്ങളേയും ബി.ഡി.ജെ.എസ് ഭാരവാഹികൾ സന്ദർശിച്ചു. മലങ്കര ഓർത്തഡോക്‌സ് സഭ തുമ്പമൺ ഭദ്രാസനത്തിലെ ബസലേൽ റമ്പാൻ, ബി.ഡി.ജെ.എസ്. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.ബോബി കാക്കനപള്ളിൽ, ജില്ലാ സെക്രട്ടറി സതീഷ്ബാബു, കോന്നി മണ്ഡലം പ്രസിഡന്റ് ജി. സോമനാഥൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.