മലയാലപ്പുഴ: ദേവീക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ അരയാൽ മരം ഒരു ദേശത്തിന്റെ സംസ്‌കാരവും ആചാരവും പൈതൃകവും പേറി തലമുറകൾക്ക് തണലേകുന്നു. ക്ഷേത്രത്തിലെ പ്രധാന ഉപദേവത പ്രതിഷ്ഠയായ അഞ്ചുമല മാടസ്വാമിയുടെ പ്രതിഷ്ഠ ഈ അരയാലിന്റെ ചുവട്ടിലാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾ വഴിപാടായി മുറുക്കാനും നിലവിളക്കും കർപ്പൂരവും, സാമ്പ്രാണിയും ഇവിടെ സമർപ്പിക്കുന്നു. 32 അടി വ്യാസമുള്ള അരയാൽ വൃക്ഷം ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് തണലാകുകയാണ്. ആലിന്റെ പഴക്കത്തെ സംബന്ധിച്ച് ആർക്കും കൃത്യമായ ധാരണയില്ല. വിവിധ പക്ഷികൾ കൂടുകൂട്ടുന്ന അരയാലിന്റെ ചുവട്ടിൽ ചുറ്റും സ്റ്റീൽ വേലിയും നിർമ്മിച്ചിട്ടുണ്ട്. അരയാലിനോട് ചേർന്ന് മഞ്ചാടിയും കവുങ്ങും വളരുന്നു. പൂർവ്വികർ പുണ്യവൃക്ഷമായി ആരാധിച്ചിരുന്ന അരയാലിന്റെ ചുവട്ടിലിരുന്ന് കണ്ടിരുന്ന പതിനൊന്ന് നാൾ നീണ്ടു നിന്ന ഉത്സവങ്ങൾ ഇന്നും മലയാലപ്പുഴയിലെ പഴമക്കാരുടെ ഓർമ്മയിലുണ്ട്. ഭക്തിയോടെ പരിപാലിച്ചാൽ ഐശ്വര്യം തരുമെന്ന വിശ്വാസത്തിൽ ഭക്തർ അരയാലിന് 7 തവണ പ്രദിക്ഷണം വയ്ക്കാറുണ്ട്. വൈകുന്നേരങ്ങളിൽ ഭക്തജനങ്ങളും, നാട്ടുകാരും ഇതിന്റെ ചുവട്ടിൽ വിശ്രമിക്കാറുമുണ്ട്. ശനിദോഷ പരിഹാരത്തിനും സാമ്പത്തിക ഭദ്രതയ്ക്കും ത്രിമൂർത്തികളുടെ അനുഗ്രഹത്തിനുമായി ഭക്തർ അരയാലിനെ ആരാധിക്കുകയും വഴിപാടുകൾ സമർപ്പിക്കുകയും ചെയ്യുന്നു. ക്ഷേത്രത്തിന്റെ നാടിന്റെയും ചരിത്രത്തിന്റെ ഭാഗമായി തലമുറകൾക്ക് തണലേകുകയാണ് ഈ മരമുത്തശി.