മല്ലപ്പള്ളി : കൺസൾട്ടൻസി ഇടപാടുകൾ വിവാദത്തിലാകുകയും ദുരൂഹത ചൂഴ്ന്നു നില്ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ സിൽവർ ലൈൻ അതിവേഗ പാതയുടെ അലൈൻമെന്റും വിശദമായ പഠന റിപ്പോർട്ടും തയാറാക്കിയ ഫ്രഞ്ച് കമ്പനിയായ സിസ്ട്രയുടെ ഇടപാടുകളും പരിശോധിക്കണമെന്ന് മുൻ എം.എൽ.എ. ജോസഫ് എം.പുതുശേരി ആവശ്യപ്പെട്ടു. ഓൾ കേരള കെറെയിൽ പ്രതിക്ഷേധ സമിതി കേരളത്തിലുടനീളം നടത്തിയ പദ്ധതി രേഖ കത്തിക്കൽ പരിപാടി സാംസ്‌കാരിക പൈതൃക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കുന്നന്താനം നടയ്ക്കലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരിട്ടുള്ള പരിശോധനയോ അനുബന്ധ പ്രശ്‌നങ്ങളോ ഒന്നും ഇവർ പരിഗണിച്ചിട്ടില്ല. പരിസ്ഥിതി ആഘാതപഠനവും നടത്തിയിട്ടില്ല. എന്നിട്ടും 27 കോടി രൂപയ്ക്കാണു കരാർ. മൂന്നു രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നടത്തിപ്പിലെ ക്രമക്കേടും അവിഹിത ഇടപെടലും കാരണം ലോകബാങ്ക് തന്നെ വിലക്കേർപ്പെടുത്തിയ കൺസൾട്ടൻസിയാണിത്.റെയിൽ നിർമ്മാണം കൂടി ആയാൽ പ്രളയ ദുരിതം വിവരണാതീതമാകും. ആയിരക്കണക്കിനാളുകളുടെ വീടും ആരാധനാലയങ്ങളും നഷ്ടമാകുന്ന ഈ പദ്ധതി പുന:പരിശോധിച്ചു നിലവിലുള്ള ലൈനോ സമാന്തരപാതയോ ഉപയോഗപ്പെടുത്തണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു. പ്രമോദ് തിരുവല്ല അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ബാബു പാലാഴി, അരുൺ അമ്പാടി, ഷിനു പി.ടി., വിനോദ് വേളൂർക്കാവിൽ, ബാബു കുറുമ്പേശ്വരം, ജി.എസ്.ജയകുമാർ, ജോസഫ് വെള്ളിയാംകുന്നത്ത്, വിപിൻ കിഴക്കേപ്പറമ്പിൽ എന്നിവർ സംസാരിച്ചു.