മല്ലപ്പള്ളി : അവിശ്വാസത്തിലൂടെ പ്രസിഡന്റ് പുറത്തായ കൊറ്റനാട് പഞ്ചായത്തിൽ ഇന്ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. ആകെയുള്ള 13 വാർഡുകളിൽ 7 വാർഡുകൾ യു.ഡി.എഫിനും മൂന്ന് വാർഡ് എൽ.ഡി.എഫ്, മൂന്നു വാർഡ് ബി.ജെ.പി. എന്നിങ്ങനെയാണ് കക്ഷിനില. പട്ടികജാതി സംവരണമായ പ്രസിഡന്റ് പദവി യു.ഡി.എഫ്.പിന്തുണയോടെ എൽ.ഡി.എഫിലെ എം.എസ്. സുജാതയായിരുന്നു നയിച്ചിരുന്നത്. കഴിഞ്ഞിയിടെയുണ്ടായ അഭിപ്രായ വൃത്യാസത്തെ തുടർന്ന് അവിശ്വാസത്തിലൂടെ സുജാതയെ യു.ഡി.എഫ് പരാജയപ്പെടുത്തി. 14ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്താൻ വരണാധികാരിയായ സഹകരണവകുപ്പ് റെജിസ്ട്രാർ സി.ടി.സാബു യോഗം വിളിച്ചുചേർത്തെങ്കിലും ക്വാറം ഇല്ലാത്തതിനാൽ പിരിച്ചുവിടുകയായിരുന്നു. ഇന്നത്തേക്ക് നിശ്ചയിച്ച തെരഞ്ഞെടുപ്പ് ക്വാറം ഇല്ലെങ്കിലും നടത്താനാകും. എൽ.ഡി.എഫിന്റെയും ബി.ജെ.പി.യുടെയും നേരിട്ടുള്ള മത്സരത്തിൽ യു.ഡി.എഫിന്റെ നിലപാട് നിർണായകമായും. മൂന്ന് വീതം വോട്ടുകൾ ഇരുകക്ഷികളും നേടിയാൽ നറുക്കെടുപ്പിലൂടെയാകും പ്രസിഡന്റിനെ തെരഞ്ഞെടുക്കുക.