
പത്തനംതിട്ട : കോവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ഹാൻഡിൽ വിത്ത് കെയർ പദ്ധതിയുടെ ലോഗോ വീണാ ജോർജ് എം.എൽ.എ പ്രകാശനം ചെയ്തു. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ എം.എൽ.എ ജില്ലാ കളക്ടർ പി.ബി. നൂഹിൽ നിന്ന് ലോഗോ ഏറ്റുവാങ്ങി.
ജില്ലയിലെ കൊവിഡ് പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി 10 വയസിൽ താഴെയുള്ള കുട്ടികളേയും 60 വയസിന് മുകളിൽ പ്രായമുള്ളവരുടേയും സുരക്ഷയെ മുൻനിറുത്തി രോഗവ്യാപനത്തിന്റെ തീവ്രതയും അവയ്‌ക്കെതിരെയുള്ള മുൻകരുതലുകളും സംബന്ധിക്കുന്ന വിവരങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ഹാൻഡിൽ വിത്ത് കെയർ.
കൊവിഡ് ജാഗ്രത ശക്തമാക്കുന്നതിനുള്ള വലിയ ഇടപെടലാണ് ഹാൻഡിൽ വിത്ത് കെയർ പദ്ധതിയെന്ന് വീണാ ജോർജ് പറഞ്ഞു. കൊവിഡ് ജാഗ്രതയുമായി ബന്ധപ്പെട്ട എന്തു തരം ആവിഷ്‌കാരവും പ്രദർശിപ്പിക്കാനുള്ള വേദിയാണിത്. എൻഎസ്എസ് വോളണ്ടിയേഴ്‌സ്, നെഹ്‌റു യുവകേന്ദ്ര, സന്നദ്ധ സേന എന്നിവരുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടമാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ലക്ഷ്യം
പത്തു വയസിൽ താഴെയുവരേയും അറുപതു വയസിനു മുകളിലുള്ളവരേയും പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിച്ച് ഇവരുടെ പൊതു ജനസമ്പർക്കം പരമാവധി കുറയ്ക്കുകയും അതേസമയം വീടുകളിൽ സജീവമായിരുന്ന് അവരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രായഭേദമന്യേ എല്ലാവർക്കും തങ്ങളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ പദ്ധതി അവസരമൊരുക്കും. അതിനായി ഫേസ്ബുക്ക് പേജും ഹാൻഡിൽ വിത്ത് കെയർ ഐ ഇ സി കാമ്പയിൻ എന്ന യൂട്യൂബ് ചാനലും തുടങ്ങിക്കഴിഞ്ഞു. യൂട്യൂബ് ചാനലിൽ സർഗാത്മക സൃഷ്ടികൾ അപ്‌ലോഡ് ചെയ്യും.