പത്തനംതിട്ട: ദേശീയതയുടെ ആവേശം ഉണർത്തി ഭാരതത്തിന്റെ 74 ാമത് സ്വാതന്ത്ര്യദിനാഘോഷം ജില്ലാ സ്റ്റേഡിയത്തിൽ നടന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടത്തിയത്. രാവിലെ 8.30ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിച്ചു. പരേഡ് കമാൻഡർ പന്തളം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. ശ്രീകുമാർ പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണും ജില്ലാ കളക്ടർ പി.ബി. നൂഹും വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു. ഒൻപതിന് മുഖ്യാതിഥിയായ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. മുഖ്യാതിഥി ദേശീയ പതാക ഉയർത്തി അഭിവാദ്യം ചെയ്തതോടെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്ക് തുടക്കമായി. യൂണിഫോമിലുള്ള എല്ലാ ഓഫീസർമാരും ദേശീയ പതാകയെ സല്യൂട്ട് ചെയ്തു. തുടർന്ന് മന്ത്രി പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ പരേഡ് പരിശോധിച്ചു.
ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിച്ച പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. സാജൻ മാത്യൂസ്, കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ, ഇലന്തൂർ ആരോഗ്യകേന്ദ്രം സിവിൽ സർജൻ ഡോ. മായ, നഴ്‌സുമാരായ രതിഭായി, ഷീല, പാരാമെഡിക്കൽ സ്റ്റാഫുകളായ സി.ജി. ശശിധരൻ, കെ. ഗോപാലൻ, എൻ.എസ്. ബിന്ദു, ഡി. ഗോപാൽ, ജി. അനിൽകുമാർ, എച്ച്.എ. അജയൻ, എം.ബി. പ്രഭാവതി എന്നിവരും, കാെവിഡ് രോഗമുക്തി നേടിയ ഡാനിഷ് ജോർജ്, ഷേർളി, പ്രണവ് മോഹൻ എന്നിവരും പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു.
ആന്റോ ആന്റണി എം.പി, വീണാ ജോർജ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ജില്ലാ കളക്ടർ പി.ബി.നൂഹ്, ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ, പത്തനംതിട്ട നഗരസഭ ചെയർപേഴ്‌സൺ റോസ്‌ലിൻ സന്തോഷ്, എ.ഡി.എം അലക്‌സ് പി. തോമസ്, അസിസ്റ്റൻഡ് കളക്ടർ വി. ചെൽസാ സിനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, മുൻ നഗരസഭ അധ്യക്ഷൻ എ. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
ഇന്ന് നമ്മുടെ ഭരണഘടന ഉറപ്പേകുന്ന ജനാധിപത്യ അവകാശങ്ങൾ കടുത്ത വെല്ലുവിളി നേരിടുന്നു. നമുക്ക് ജാഗ്രതയോടു കൂടി ഭരണഘടന സംരക്ഷിക്കാൻ ഉണർന്നിരിക്കേണ്ടതുണ്ട്. പൂർവികർ ത്യാഗത്തിലൂടെയും സഹനത്തിലൂടെയും നേടിയെടുത്ത നമ്മുടെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിക്കണം. സാമ്രാജ്യത്വത്തിനെതിരായ ജനങ്ങളുടെ പോരാട്ടത്തെ സംരക്ഷിച്ചു നിർത്തണം. നമ്മുടെ ചേരിചേരാനയം രാജ്യത്തിന്റെ മഹത്വം ലോകമെമ്പാടും ഉയർത്തിയിരുന്നു. രാജ്യത്തിന്റെ ബഹുസ്വരതയും മതനിരപേക്ഷതയും ഫെഡറൽ സംവിധാനവും ജനാധിപത്യ ജീവവായുവും സംരക്ഷിക്കാൻ നമുക്ക് അതീവ ജാഗ്രതയോടെ കാവൽ ഇരിക്കേണ്ടതുണ്ട്.
മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ
(സ്വാതന്ത്ര്യ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് പറഞ്ഞത്)