strike

പത്തനംതിട്ട: ചിറ്റാർ കുടപ്പനക്കുന്ന് പടിഞ്ഞാറെ ചരുവിൽ പി.പി.മത്തായിയുടേത് കസ്റ്റഡി മരണമാണെന്ന് തെളിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെയും സർവീസിൽ തുടരാൻ അനുവദിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് കർഷക ദിനമായ ഇന്ന് ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്തിൽ കൃഷി ഭവനുകൾക്ക് മുമ്പിൽ ധർണ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു.
മത്തായിയുടെ കൊലപാതകികളെ അറസ്റ്റ് ചെയ്യാതിരിക്കുവാൻ പൊലീസിനു മേൽ സർക്കാരിലെ ഉന്നതരും എം.എൽ.എ അടക്കമുള്ള ഭരണകക്ഷി നേതാക്കളും സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണെന്ന് സി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് ചില നേതാക്കൾ ഇരയോടൊപ്പം ആണെന്ന് വരുത്തിത്തീർക്കുന്നതിനും എന്നാൽ വേട്ടക്കാരനൊപ്പം പ്രവർത്തിക്കുകയും ചെയ്യുകയാണെന്ന് അദ്ദഹം ആരോപിച്ചു. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പി.സി.ജോർജ് എം.എൽ.എ ഒരു പ്രമുഖ ചാനലിലെ ചർച്ചയിൽ മുഖ്യമന്ത്രി, വനം വകുപ്പ് മന്ത്രി, ജില്ലാ പൊലീസ് മേധാവി എന്നിവരെ പ്രശംസിച്ച് സംസാരിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി.
കുറ്റവാളികളായ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വനം വകുപ്പ് മന്ത്രിയുടെ സംരക്ഷണയിൽ ഇപ്പോഴും ജോലിയിൽ തുടരുമ്പോൾ വനം വകുപ്പ് മന്ത്രിയെ പ്രശംസിച്ച് സംസാരിച്ചത് പ്രത്യേക അജണ്ടയുടേയും ഒത്തുകളിയുടേയും ഭാഗമാണെന്നും ഇത് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡി.സി.സി. പ്രസിഡന്റ് പറഞ്ഞു.