നീതിതേടി ആശുപത്രി മോർച്ചറിയിൽ തണുത്തുറഞ്ഞ് കിടക്കുകയാണ് മത്തായി എന്ന യുവ കർഷകന്റെ മൃതശരീരം. സത്യത്തിന്റെ ശാന്തത നിറഞ്ഞായിരിക്കണം ആ യുവാവിന്റെ യാത്രയെന്ന് കുടുംബവും നാടും ആവശ്യപ്പെടുന്നു.
ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ കസ്റ്റഡിയിലെടുത്ത മത്തായി ജൂലായ് 28നാണ് കിണറ്റിൽ വീണ് മരിച്ചത്. ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോൾ പാലിക്കേണ്ട പ്രാഥമിക നടപടികൾ പോലും പൂർത്തിയാക്കാതെ, തെളിവെടുപ്പിനെന്ന് പറഞ്ഞാണ് മത്തായിയെ കുടപ്പനയിലെ കുടുംബവീട്ടിലെത്തിച്ചത്. ഏഴോളം വനപാലകരുടെ അടുത്തു നിന്ന മത്തായി കിണറ്റിലേക്ക് എടുത്തുചാടി പോലും!. കെട്ടുകഥകൾ നിരത്തി കുടുംബത്തിന്റെയും നാട്ടുകാരുടെയും കണ്ണുകളെ മറയ്ക്കാൻ ശ്രമിച്ച വനപാലകരുടെ മുഖംമൂടി പൊളിക്കുന്ന സത്യങ്ങളാണ് പൊലീസ് അന്വേഷണത്തിലൂടെ പുറത്തുവന്നത്. ഉത്തരവാദികളായ വനപാലകരെ അറസ്റ്റ് ചെയ്തെങ്കിൽ മാത്രമേ കുടുംബത്തിന് നീതിയുടെ വെളിച്ചത്തിലൂടെ മുന്നോട്ടു പോകാനാകൂ.
വൃദ്ധമാതാവും അംഗപരിമിതനും അടങ്ങുന്ന ഒൻപതംഗ കുടുംബത്തിന്റെ ആശ്രയമായിരുന്നു മത്തായി. മത്തായിയുടെ മരണത്തിന്റെ യഥാർത്ഥ കാരണക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാതെ മൃതദേഹം അടക്കം ചെയ്യില്ലെന്ന ഭാര്യ ഷീബയുടെ ശപഥത്തിന് നീതി ആഗ്രഹിക്കുന്ന എല്ലാവരുടെയും ഉറച്ച പിന്തുണയുണ്ട്.
ജനവാസം കുറഞ്ഞ വനാതിർത്തികളിൽ കാടിന്റെ കാവൽക്കാരായി നിന്ന് വനപാലകർ നടത്തുന്ന അഴിഞ്ഞാട്ടത്തിന്റെയും അരാജകത്വത്തിന്റെയും ഒന്നാന്തരം തെളിവാണ് മത്തായിയുടെ മരണം.
മൃഗവേട്ടയ്ക്കും വനംകൊള്ളയ്ക്കും ചാരായം വാറ്റിനും കുപ്രസിദ്ധി നേടിയതാണ് റാന്നി, കോന്നി വനം ഡിവിഷനുകൾ. ഒരു കാലത്ത് ഇത്തരം മാഫിയകളെ ഒതുക്കിയതാണ്. എന്നാൽ, നാലഞ്ച് വർഷമായി വനപാലകർ പങ്കാളികളായ മൃഗവേട്ടയും വനംകൊള്ളയും ചാരായം വാറ്റും തകൃതിയായി നടക്കുന്നു. പരിസ്ഥിതി സ്നേഹികളുടെയും, വാങ്ങുന്ന വേതനത്തോട് കൂറുകാട്ടുന്ന ഒരുപറ്റം വനപാലകരുടെയും ചെറുത്തുനിൽപ്പാണ് ഇത്തരം കാട്ടുകള്ളൻമാരെ പുറം ലോകത്ത് എത്തിക്കുന്നത്.
എന്താണ്
യാഥാർത്ഥ്യം ?
ചിറ്റാർ കുടപ്പനയിലാണ് മത്തായിയുടെ കുടുംബവീട്. ആറ് കിലോമീറ്റർ അകലെ അരീക്കക്കാവിൽ വാടക വീട്ടിലാണ് മത്തായി കുടുംബമായി താമസിച്ചിരുന്നത്. ഭാര്യ ഷീബയ്ക്ക് അരീക്കക്കാവിലെ സ്കൂളിൽ പ്യൂണായി ജോലിയുള്ളതുകൊണ്ടാണ് താമസം അവിടേക്ക് മാറ്റിയത്.
ജൂലയ് 28ന് വൈകിട്ട് നാല് മണിയോടെ ചിറ്റാർ ഫോറസ്റ്റ് ഒാഫീസറും ഏതാനും വനപാലകരും മത്തായിയുടെ അരീക്കക്കാവിലെ വീട്ടിലെത്തി. മത്തായിയെ വനപാലകർ പിടിച്ചിറക്കി പുറത്തേക്ക് കൊണ്ടുപോയപ്പോൾ മുന്നിൽ നിന്ന് മത്തായിയുടെ 90 വയസായ അമ്മ ചോദിച്ചു, ''എന്തിനാ പൊന്നുവിനെ (മത്തായിയുടെ നാട്ടിലെ വിളിപ്പേര് ) പിടിച്ചോണ്ടു പോകുന്നത് ?'' വൃദ്ധമാതാവിനെ തള്ളി മാറ്റിയ ഫോറസ്റ്റ് ഒാഫീസർ ആക്രോശിച്ചു കൊണ്ട് മത്തായിയെ ജീപ്പിലേക്ക് തള്ളിയിട്ടു. സിനിമകളിലും സീരിയലുകളിലും കണ്ടിട്ടുളള ക്രൂരമായ രംഗം കണ്ട് ആ മാതാവ് പകച്ചുപോയി. പക്ഷെ, എല്ലാം മുകളിലിരുന്ന് ഒരാൾ കാണുന്നുണ്ട് എന്ന് പറയുന്നത് മത്തായിയുടെ കാര്യത്തിൽ യാഥാർത്ഥ്യമായി. വീടിന്റെ മുകളിലത്തെ നിലയിലും അയൽപക്കത്തും താമസിക്കുന്ന രണ്ടു പേർ എല്ലാറ്റിനും സാക്ഷികളായിരുന്നു.
കുടപ്പനയിലെത്തിക്കുന്നതിന് മുൻപ് മത്തായിക്ക് ജീപ്പിൽ വച്ച് മർദ്ദനമേറ്റുവെന്ന് പറയുന്നുണ്ട്. തെളിവില്ലെന്ന് പറഞ്ഞ് വേണമെങ്കിൽ തള്ളാം. പക്ഷെ, അരീക്കക്കാവിൽ നിന്ന് നാല് മണിയോടെ പിടിച്ചു കൊണ്ടുപോയി കുടപ്പനയിലെ കുടുംബവീടിന് മുന്നിൽ രാത്രി ഏഴരയോടെ മത്തായിയെ എത്തിച്ചപ്പോൾ വരെ മന:പ്പൂർവമായ നിയമലംഘനങ്ങൾ നടത്തുകയായിരുന്നു വനപാലകർ. അത് ഇപ്രകാരമാണ്:
ഒന്ന്: മത്തായിയെ കസ്റ്റഡിയിൽ എടുക്കുന്നതിന് മുൻപ് അയാൾക്കെതിരെ കേസ് എടുത്തിരുന്നില്ല.
രണ്ട്: മത്തായിയെ വീട്ടിൽ നിന്ന് പിടിച്ചു കൊണ്ടുപോകുമ്പോൾ എന്തിനെന്ന് അയാളെയോ ബന്ധുക്കളെയോ അറിയിച്ചില്ല.
മൂന്ന്: മത്തായി മോഷ്ടിച്ചെന്ന് വനപാലകർ പറയുന്ന കാമറയിലെ മെമ്മറി കാർഡ് സ്ഥലത്ത് നിന്ന് നഷ്ടപ്പെട്ടതിന്റെ മഹസർ തയ്യാറാക്കിയില്ല.
നാല്: മത്തായി കാമറ മോഷ്ടിച്ചെന്ന് സംശയമുണ്ടെങ്കിൽ മോഷണക്കുറ്റത്തിന് കേസ് എടുക്കേണ്ട ചിറ്റാർ പൊലീസിൽ വനപാലകർ പരാതി നൽകിയിട്ടില്ല.
അഞ്ച്: തെളിവെടുപ്പിനെന്ന് പറഞ്ഞ് കൊണ്ടുവന്ന കുടപ്പനയിലെ വീടിന്റെ പരിസരത്തെ കിണറ്റിലേക്ക് മത്തായി ചാടിയതായാലും വീണതായാലും അയാളെ രക്ഷിക്കാനുള്ള ശ്രമം നടത്തിയില്ല.
ആറ്: മത്തായി കിണറ്റിൽ വീണ ശേഷം ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ജി.ഡി (വനപാലകരുടെ യാത്ര, സ്റ്റേഷനുമായി ബന്ധപ്പെടുന്ന ഏതു വിവരങ്ങളും ദൈനംദിനം എഴുതിവയ്ക്കുന്ന ജനറൽ ഡയറി) കടത്തിക്കൊണ്ടുപോയി കൃത്രിമം കാട്ടി. എട്ടു മണിയോടെയാണ് മത്തായി മരിച്ചത്. എന്നാൽ, ജി.ഡിയിൽ മരണ സമയം രാത്രി 10 മണി.
കള്ളസാക്ഷിയുമായി വനപാലകർ
മത്തായിയുടെ മരണത്തിൽ പ്രതിക്കൂട്ടിലായ വനപാലകർ, മത്തായി കാമറ മോഷ്ടിക്കുന്നത് കണ്ടെന്ന് പറയാൻ കള്ളസാക്ഷിയെ രംഗത്തിറക്കിയത് പുലിവാല് പിടിച്ചു. അരുൺ എന്ന യുവാവിനെ സാക്ഷിയാക്കുകയായിരുന്നു. മത്തായിയെ പിടിച്ചുകൊണ്ടുപോയയുടൻ ഇൗ യുവാവിന്റെ മൊബൈൽ ഫോണിൽ നിന്ന് ഒരു ഫോറസ്റ്റ് ഒാഫീസർ വിളിച്ച് കേസ് ഇല്ലാതാക്കാൻ 75000 രൂപ ആവശ്യപ്പെട്ടെന്ന ഷീബയുടെ വെളിപ്പെടുത്തൽ സത്യമായിരുന്നുവെന്ന് പൊലീസിന്റെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
നിയമോപദേശം
വനപാലകർക്കെതിരെ കേസെടുക്കാമെന്നാണ് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം. രേഖകളിൽ കൃത്രിമം അടക്കുമള്ള നിയമലംഘനങ്ങൾ അക്കമിടുന്ന അന്വേഷണ റിപ്പോർട്ടിൻമേൽ തുടർ നടപടിയെടുക്കാൻ പൊലീസ് മടിക്കുന്നു. വനപാലകർ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടും എന്തുകൊണ്ട് കേസെടുത്ത് അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യത്തിന് മറുപടിയില്ല. മത്തായിയുടെ മൃതദേഹം വച്ച് വിലപേശരുതെന്നാണ് കുടുംബത്തോട് ചർച്ചയ്ക്കിടെ ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞത്. അപ്പോൾ ബന്ധുക്കൾക്കും നാട്ടുകാർക്കും കളക്ടറോട് ചോദിക്കാനുള്ളത് ഇതാണ്,
റാന്നി ഡി.എഫ്.ഒ അടക്കം ആറ് വനപാലകരെ സ്ഥലം മാറ്റിയതും രണ്ടു പേരെ സസ്പെന്റ് ചെയ്തതും അവർ തെറ്റ് ചെയ്തുവെന്ന പ്രാഥമിക ബോധ്യത്തിന്റെ അടിസ്ഥാനത്തിലല്ലേ?.
നിയമപാലകർ പച്ചയായ നിയമലംഘനം നടത്തി ഒരു മനുഷ്യ ജീവനെ ഇല്ലാതാക്കിയിട്ട് എന്തുകൊണ്ടാണ് അവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാത്തത്?. കുടുംബത്തിലെ ഒൻപത് പേരുടെ ഏകാശ്രയമായിരുന്ന കർഷകന്റെ കുടുംബം നീതിക്ക് എത്ര നാൾ കാത്തിരിക്കണം?.