പത്തനംതിട്ട: ഉരുളക്കിഴങ്ങും സവാളയും കാരറ്റും ഇനി അന്യനാട്ടുകാരല്ല. ഇവ നമ്മുടെ പറമ്പിലും വിളയും. മല്ലപ്പള്ളി ബ്ളോക്കിലെ കവിയൂരിലും ഇലന്തൂർ ബ്ളോക്കിലെ ഒാമല്ലൂരിലുമാണ് കൃഷി തുടങ്ങിയത്.
കവിയൂർ കോട്ടൂരിൽ കുടുംബശ്രീ പ്രവർത്തകർ നട്ട വിത്തുകൾ മുളപൊട്ടി. ജൈവ വളമിട്ട് പരിപാലിക്കുകയാണവർ. ഉരുളക്കിഴങ്ങും കാരറ്റും മണ്ണിന് മുകളിലേക്ക് വളർന്നു. സവാളയും നാമ്പിട്ടു. മൂന്ന് മാസത്തിനുള്ളിൽ വിളവെടുക്കാം. വിജയിച്ചാൽ കുടുംബശ്രീ അത് സംസ്ഥാന വ്യാപകമാക്കും. കേരളം ഉരുളക്കിഴങ്ങിനും സവാളയ്ക്കും കാരറ്റിനും ആശ്രയിക്കുന്നത് തമിഴ്നാടിനെയും കർണാടകയെയുമാണ്. കേരളത്തിൽ ഇടുക്കി, പാലക്കാട് അതിർത്തി ഗ്രാമങ്ങളിലും കൃഷി ചെയ്യുന്നുണ്ട്.
ബംഗളൂരുവിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹോർട്ടികൾച്ചർ റിസർച്ചിൽ വികസിപ്പിച്ചെടുത്ത ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാൻ പറ്റുന്ന വിത്തുകളാണ് നട്ടത്. വേനൽക്കാലത്ത് വെള്ളമൊഴിച്ച് വളർത്താം.
കവിയൂർ കോട്ടൂരിൽ പുലരി, അർച്ചന കുടുംബശ്രീ യൂണിറ്റുകളിലെ എട്ട് അംഗങ്ങളാണ് കൃഷിയിറക്കിയത്. പ്രദേശത്ത് പാട്ടത്തിനെടുത്ത അഞ്ച് ഏക്കറിൽ നെല്ല്, കപ്പ, വാഴ, പച്ചക്കറികൾ എന്നിവ 15 വർഷമായി കൃഷി ചെയ്തുവരുന്ന യൂണിറ്റുകളോട് ഉരുളക്കിഴങ്ങും സവാളയും കാരറ്റും പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ നിർദേശിച്ചത് കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ എ. മണികണ്ഠനാണ്. സംഘകൃഷി കോർഡിനേറ്റർ ലിൻസിയുടെ മേൽനോട്ടത്തിലാണ് കൃഷി.
ആശയം ഋഷി സുരേഷ്
കുടുംബശ്രീയിൽ നൂതന കൃഷിരീതിയുടെ ആശയം അവതരിപ്പിച്ചത് പത്തനംതിട്ട കിഴക്കുപുറം സ്വദേശി 21കാരനായ ഋഷി സുരേഷാണ്. സ്കൂൾ പഠന കാലത്ത് വീട്ടിൽ പച്ചക്കറി കൃഷി നടത്തിയിരുന്ന ഋഷി പരീക്ഷണാടിസ്ഥാനത്തിൽ റാഡിഷ് കൃഷി ചെയ്ത് വിജയിച്ചു. വി.എച്ച്.എസ്.ഇയിൽ അഗ്രിക്കൾച്ചറൽ പഠിച്ച ഋഷി ഉരുളക്കിഴങ്ങും സവാളയും കാരറ്റും കൃഷി ചെയ്തതും വിജയമായി. കുടുംബശ്രീ ഇലന്തൂർ ബ്ലോക്ക് കോർഡിനേറ്ററായ ഋഷി വിജയഗാഥ ജില്ലാ കുടുംബശ്രീയിൽ അവതരിപ്പിക്കുകയായിരുന്നു.
@ കൃഷിരീതി
കല്ലും കട്ടയും മാറ്റിയ പൊടിമണ്ണിലാണ് കൃഷി.
മണ്ണനടിയിൽ കീടങ്ങളെ അകറ്റാൻ വേപ്പില നിരത്തണം.
ചകിരിച്ചോറ്, കുമ്മായം, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ പൊടിമണ്ണിൽ കലർത്തി ഒരാഴ്ചയിടണം.
കുതിർത്ത വിത്തുകളാണ് നടേണ്ടത്. മുളപൊട്ടിയാൽ ജൈവ കീടനാശിനി തളിക്കണം. ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കുമാണ് പിന്നീടുളള വളം.
ധനസഹായം കുടുംബശ്രീ
പ്രളയത്തിൽ കൃഷി നശിച്ചുപോയ സംഘകൃഷി ഗ്രൂപ്പുകൾക്ക് സർക്കാർ അനുവദിച്ച 20000 രൂപ പത്തനംതിട്ടയിൽ രണ്ട് ബ്ലോക്കുകളിൽ നൂതന കൃഷിക്ക് വിനിയോഗിച്ചു.