accident
കുറ്റൂരി​ൽ അപകടത്തി​ൽപ്പെട്ട കാർ

തിരുവല്ല: എം.സി റോഡിൽ മുത്തൂറും കുറ്റൂരും കഴിഞ്ഞ ദിവസം വാഹനാപകടങ്ങൾ ഉണ്ടായി. മൂന്ന് പേർക്ക് പരിക്കേറ്റു. ഹൈവേ പൊലീസിന്റെ പട്രോളിംഗ് വാഹനം ഇന്നലെ പുലർച്ചെ രണ്ടിന് മുത്തൂർ ജംഗ്‌ഷന്‌ സമീപം നാഷണൽ പെർമിറ്റ് ലോറിക്ക് പിന്നിൽ ഇടിച്ചുകയറി എസ്.ഐ ഉൾപ്പെടെ മൂന്നുപേർക്കാണ് പരിക്കേറ്റത്. ഇടിഞ്ഞില്ലം മുതൽ ഏനാത്ത് വരെ എം.സി റോഡിൽ പട്രോളിംഗ് നടത്തുന്ന സംഘത്തിലെ എസ്.ഐ ഗോപാലകൃഷ്ണൻ (52), ഡ്രൈവർ സൂരജ് (32), സി.പി.ഒ ഷിറാസ് (28) എന്നിവർക്ക് പരിക്കേറ്റു. ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. പൊലീസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. പൊലീസ് വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. സാരമായി പരിക്കേറ്റ മൂന്നുപേരും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ച് ഇന്നലെ വൈകിട്ട് മൂന്നിന് കുറ്റൂർ ജംഗ്‌ഷന്‌ സമീപത്താണ് മറ്റൊരു അപകടം ഉണ്ടായത്. കൂത്താട്ടുകുളം ഒലിയപ്പുറം തട്ടാംപുരയിൽ എബ്രഹാം കുര്യൻ സഞ്ചരിച്ച എസ്റ്റീം കാറും എതിരെ വന്ന മാന്നാർ വെട്ടിയുഴത്തിൽ പ്രദീപ്‌കുമാർ സഞ്ചരിച്ച ഓൾട്ടോ കാറും ചങ്ങനാശ്ശേരി കോട്ടമുറി കാർത്തികപ്പള്ളിൽ ജാഹിർ ഹുസ്സൈൻ സഞ്ചരിച്ച സ്‌കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. തിരുവല്ല ഭാഗത്തേക്ക് വന്ന എസ്റ്റീം കാർ നിയന്ത്രണംവിട്ട് ഓടയിലേക്ക് മറിഞ്ഞതിനെ തുടർന്ന് എബ്രഹാം കുര്യൻ കുറേനേരം കാറിൽ കുടുങ്ങിക്കിടന്നു. നാട്ടുകാരാണ് ഇയാളെ രക്ഷപ്പെടുത്തിയത്. നിസ്സാര പരിക്കുകളോടെ മൂന്നുപേരും രക്ഷപെട്ടു.