കോന്നി : പാറമടയിൽ നിന്ന് മെറ്റലുമായി ഇറക്കമിറങ്ങി വരുന്നതിനിടെ ടിപ്പർലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ഡ്രൈവർ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പയ്യാമൺ പഴയ പോസ്റ്റ് ഓഫീസ് പടിയിലാണ് സംഭവം. അടുകാട് പാറമടയിൽ നിന്ന് ലോഡുമായി എത്തിയ ഡബിൾ ഡക്കർ ടിപ്പറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ടിപ്പർ കോന്നി -പയ്യനാമൺ -അതുമ്പുംകുളം റോഡിന് കുറുകെ പോയി സ്വകാര്യ വ്യക്തിയുടെ പറമ്പിന്റെ മതിലും തെങ്ങും മരങ്ങളും വൈദ്യുതി പോസ്റ്റും ഇടിച്ചുതകർത്ത ശേഷം മറിയുകയായിരുന്നു. റോഡിലൂടെ ഈ സമയം വാഹനങ്ങൾ പോകാതിരുന്നതും സമീപത്ത് ആളുകളില്ലാതിരുന്നതും ദുരന്തം ഒഴിവാക്കി. നേരത്തെയും ഇവിടെ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കോന്നി പൊലീസ് മേൽനടപടി സ്വീകരിച്ചു.