home

പത്തനംതിട്ട : ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ പുതിയതായി അപേക്ഷ സമർപ്പിച്ചത് 8955 പേർ. അപേക്ഷ നൽകാൻ ഈ മാസം 27വരെ സമയമുണ്ട്. ഇതുവരെ അപേക്ഷിച്ച 8955 പേരിൽ 6931 ഭൂമിയുള്ള ഭവനരഹിതരും 2024 ഭൂരഹിത ഭവനരഹിതരുമാണുള്ളത്. 1795 പട്ടികജാതി വിഭാഗത്തിലുള്ളവരും

188 പട്ടികവർഗ വിഭാഗത്തിലുള്ളവരും ഇവയിൽപെടുന്നു.
സംസ്ഥാനത്തിൽ ഇതിനോടകം 2,67,573 അപേക്ഷകൾ ഇതുവരെ ലഭിച്ചിട്ടുണ്ട്. ഇതിൽ 35,999 പേർ പട്ടിക ജാതിയിലുള്ളവരും 3419 പട്ടികവർഗത്തിലുള്ളവരുമാണ്.
അർഹത ഉണ്ടായിട്ടും വിവിധ കാരണങ്ങളാൽ ആദ്യം തയാറാക്കിയ ലിസ്റ്റിൽ ഉൾപ്പെടാതെപോയ കുടുംബങ്ങൾക്കാണ് ഇപ്പോൾ വീടിനായി അപേക്ഷിക്കാൻ അവസരം നൽകിയത്. ആഗസ്റ്റ് 1 മുതൽ 14 വരെയായിരുന്നു അപേക്ഷിക്കുന്നതിനായി നൽകിയ സമയം. എന്നാൽ കൊവിഡിന്റെയും മഴക്കെടുതികളുടേയും സാഹചര്യങ്ങളിൽ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും വീടിനായി അപേക്ഷിക്കുന്നതിനു ആവശ്യമായ രേഖകൾ എല്ലാ ഗുണഭോക്താക്കൾക്കും ഈ ചുരുങ്ങിയ സമയം കൊണ്ട് തയാറാക്കി നൽകാൻ സാധിക്കുന്നില്ല എന്ന് ലൈഫ് മിഷനെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആഗസ്റ്റ് 27 വരെ സമയം നീട്ടി നൽകിയത്.

www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകൾ സമർപ്പിക്കേണ്ടത്. അർഹരായ ഗുണഭോക്താക്കൾക്ക് വീട്ടിലിരുന്നു സ്വന്തമായോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തയാറാക്കിയിരിക്കുന്ന ഹെൽപ്പ് ഡെസ്‌ക് വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ആഗസ്റ്റ് 27 വരെ അപേക്ഷിക്കാം