coronavirus

പത്തനംതിട്ട : കൊവിഡിൽ നട്ടംതകരിയുന്ന മലയോരജില്ലയ്ക്ക് പ്രത്യാശ പകർന്നുകൊണ്ടാണ് ചിങ്ങം പിറന്നത്. ഇന്നലെ
രണ്ടു പേർക്ക് മാത്രമാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്.

കൂടാതെ 32 പേർ രോഗമുക്തരായി. ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ടുപേരും സമ്പർക്കത്തിലൂടെ രോഗം ബാധിതരായവരാണ്.

ജില്ലയിൽ ഇതുവരെ 2055 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1000 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ആകെ രോഗമുക്തരായവരുടെ എണ്ണം 1780 ആണ്. പത്തനംതിട്ട ജില്ലക്കാരായ 269 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 260 പേർ ജില്ലയിലും 9 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 78 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 28 പേരും അടൂർ ജനറൽ ആശുപത്രിയിൽ ഒരാളും റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 66 പേരും പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 25 പേരും കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളേജ് സിഎഫ്എൽടിസിയിൽ 70 പേരും തിരുവല്ല ഹോളി സ്പിരിറ്റ് കോൺവെന്റിൽ ഒരാളും ഐസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ 12 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 281 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. ഇന്നലെ പുതിയതായി 29 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ജില്ലയിൽ 5534 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1426 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1664 പേരും നിലവിൽ നിരീക്ഷണത്തിലാണ്. .

ഇന്നലെ രോഗം ബാധിച്ചവർ

1) ആനിക്കാട് സ്വദേശിനി (55) കോട്ടയം മെഡിക്കൽ കോളേജിൽ ദീർഘകാലമായി ചികിത്സയിൽ ആയിരുന്നു. ചികിത്സയുടെ ഭാഗമായി അവിടെ നടത്തിയ സ്രവ പരിശോധനയിൽ രോഗബാധിതയാണെന്ന് വ്യക്തമായി.

2) കവിയൂർ സ്വദേശി (83). ആഗസ്റ്റ് 6 മുതൽ 11 വരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വീട്ടിൽ എത്തിയതിനുശേഷം ആഗസ്റ്റ് 14ന് ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും കോഴഞ്ചേരിയിലുളള സ്വകാര്യ ആശുപത്രിയിൽ സ്രവ പരിശോധന നടത്തിയതിനെ തുടർന്ന് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.


തിരുവല്ല വളഞ്ഞവട്ടം സ്വദേശി എം.രാഘവൻനായർ (82) കൊവിഡ് ബാധിതനായി കഴിഞ്ഞ ദിവസം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മരിച്ചു. കൊവിഡ് മൂലം ജില്ലയിൽ ഇതുവരെ അഞ്ചു പേർ മരിച്ചു. കൂടാതെ കൊവിഡ് ബാധിതനായ ഒരാൾ കാൻസർ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചിട്ടുണ്ട്.

ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 5 ൽ 7 ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.