file

കൊടുമൺ: ജെല്ലിക്കട്ട് നിരോധിച്ചതിന്റെ പശ്ചാത്തലത്തിൽ ഏഴുവർഷം മുൻപ് ആനന്ദപ്പള്ളി മരമടിയും നിലയ്ക്കുകയായിരുന്നു. എല്ലാ വർഷവും ആഗസ്റ്റ് 15നായിരുന്നു കർഷക സമിതിയുടെ മരമടി അരങ്ങേറിയിരുന്നത്. തമിഴ്‌നാട്ടിൽ ജല്ലിക്കട്ട് നിയമ നിർമാണം നടത്തി പുനരാരംഭിച്ചിരുന്നു. തുടർന്ന് 2017ൽ കേന്ദ്രസർക്കാർ സംസ്ഥാന നിയമസഭകളിൽ ബില്ല് പാസാക്കി കാർഷിക ഉത്സവങ്ങൾ നടത്താൻ അനുമതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ആനന്ദപ്പള്ളി കാർഷിക സമിതി അടൂർ എം.എൽ.എയ്ക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. മൃഗസംരക്ഷണവകുപ്പ് കാളപൂട്ട് മത്സരം നടത്തുന്നതിന് നിയമ നിർമാണം നടത്തുന്നതിന് പ്രത്യേക പ്രൊപ്പോസൽ സർക്കാരിന് നൽകിയിരുന്നു. ജല്ലിക്കട്ട് ഉപാധികളോടെ നടത്താൻ തമിഴ്‌നാട് സർക്കാർ നൽകിയ ഓർഡിനൻസിന് സമാനമായ രീതിയിൽ നിയമനിർമാണം നടത്തുന്നതിനാണ് മൃഗസംരക്ഷണവകുപ്പ് നിർദേശം നൽകിയത്.

ആനന്ദപ്പള്ളിയുടെ ജെല്ലിക്കട്ട് !

മൃഗത്തെ മനുഷ്യൻ എതിരിടുന്നതിനുപകരം മൃഗവും മനുഷ്യനും ഒത്തൊരുമിച്ച് ഓടി വിജയിക്കുന്ന കാർഷിക വിനോദമായിട്ടാണ് മരമടിയെ കർഷകർ കണ്ടത്. ഉഴുതുമറിച്ച വയലുകളാണ് മത്സരയിടം. നുകം വച്ചു കെട്ടിയ രണ്ടു കാളകളും അവയെ നിയന്ത്രിക്കുന്ന മൂന്ന് ആളുകളും ചേർന്നതാണ് ഒരു സംഘം. ഇത്തരം 30 സംഘങ്ങളെങ്കിലും മത്സരത്തിൽ പങ്കെടുക്കും. ഉച്ചമുതൽ വൈകുന്നേരം വരെയാണ് മത്സരം. പ്രത്യേകം പരിശീലിപ്പിച്ച കാളകളും വൈദഗ്ദ്ധ്യമുള്ള കാളക്കാരുമാണ് പങ്കെടുക്കുന്നത്. കാളകളെ കുളിപ്പിച്ച് അരിമാവ്, മഞ്ഞൾപ്പൊടി എന്നിവകൊണ്ടലങ്കരിക്കുന്നു. തുടർന്ന് തുടി, മരം എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അവയെ ഇളനീർ കൊണ്ട് അഭിഷേകം ചെയ്തശേഷം കൂട്ടിക്കെട്ടി വയലിലിറക്കുന്നു. രണ്ടു കാളയ്ക്ക് ഒരു ഓട്ടക്കാരൻ ഉണ്ടായിരിക്കും. അയാൾ മൃഗവുമായി ബന്ധിപ്പിക്കുന്ന ഒരു പലകയിൽ നിന്ന് ഒപ്പം സഞ്ചരിക്കുന്നു. മൃഗങ്ങൾ മുന്നോട്ട് കുതിക്കുന്നതനുസരിച്ച് ഓട്ടക്കാരൻ പലകമേൽ നിന്ന് അവയെ തെളിച്ചുകൊണ്ടിരിക്കണം. ഇടക്ക് പലകയിൽ നിന്ന് നിലത്തിറങ്ങി ഓടാനും സാധിക്കും.

1950ൽ അടൂർ നഗരത്തിലെ പുതുവീട്ടിൽപ്പടി ഏലായിൽ ആരംഭിച്ച മരമടി മഹോത്സവം ആനന്ദപ്പള്ളി കർഷക സമിതി ഏറ്റെടുത്തു നടത്തിവരികയായിരുന്നു.