പത്തനംതിട്ട: റിംഗ് റോഡിൽ കടയിൽ സാധനം വാങ്ങാൻ നിൽക്കവേ നിയന്ത്രണംവിട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭർത്താവിന് പരിക്കേറ്റു. കരിമ്പനാക്കുഴി ആലുംമൂട്ടിൽ സത്യന്റെ (പുഷ്പാംഗദൻ) ഭാര്യ ശാന്തയാണ് (60) മരിച്ചത്.
സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിന് സമീപം റിംഗ് റോഡിൽ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് അപകടം. ഇവിടെ ചായക്കട നടത്തുന്ന സത്യനും ശാന്തയും കടപൂട്ടിയ ശേഷം തൊട്ടടുത്ത ഉണക്കമീൻ കടയ്ക്ക് സമീപം നിൽക്കുകയായിരുന്നു. അമിത വേഗതയിൽ സ്‌റ്റേഡിയം ഭാഗത്ത് നിന്നുവന്ന കാറാണ് ദമ്പതികളെ ഇടിച്ചത്. ശാന്തയെ തൊട്ടടുത്തിരുന്ന സ്‌കൂട്ടറിൽ ചേർത്തുവച്ച് ഇടിച്ചു. ശേഷം കാർ മരത്തിലിടിച്ച് നിൽക്കുകയായിരുന്നു. ശാന്തയുടെ കാലിന്റെ ഒരുഭാഗം അറ്റുപോയി. അരയുടെ താഴ്ഭാഗം തകർന്നു. ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപത്രയിൽ എത്തിച്ചശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് ശാന്ത മരിച്ചത്. സത്യൻ പരിക്കുകളോടെ ചികിത്സയിലാണ്.