അടൂർ : പെരിങ്ങനാട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ കഴിഞ്ഞ ദിവസം നടന്ന വികാരി ഫാ.ജോജി കെ. ജോയിയുടെ ഇടവകമാറ്റം വിശ്വാസികൾക്ക് ഒരിക്കലും മറക്കാനാവുന്നതല്ല.

കൂടൽ വലിയ പള്ളിയിലേക്ക് മാറുന്ന ഫാ.ജോജി കെ. ജോയി മൂന്നേകാൽ വർഷത്തോളം പെരിങ്ങനാട് പള്ളിയുടെ കരുത്തും കാരുണ്യവുമായിരുന്നു. യാത്രയയപ്പ് വേളയിൽ ഇടവകാംഗങ്ങൾ പാരിതോഷികമായി 1,32,500 രൂപ നൽകി. എന്നാൽ, ഇടവകയിൽ ദുരിതം അനുഭവിക്കുന്നവർക്കും രോഗങ്ങളാൽ ക്ളേശിക്കുന്നവർക്കുമായി നൽകാൻ പണം തിരികെ ഇടവക കമ്മിറ്റിയെ ഏൽപ്പിച്ച നിമിഷം കണ്ടുനിന്നവരുടെ കണ്ണുനിറയ്ക്കുന്നതായിരുന്നു.

'അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തകത്തോം' എന്ന പദത്തിന്റെ അർത്ഥം വിവരിച്ച് ഫാദർ 2020ൽ നിലമ്പൂരിലെ ചുങ്കത്തറയിൽ കൺവെൻഷനിൽ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയായിൽ വൈറലായിരുന്നു. ഹൈന്ദവ സമൂഹത്തിലെ പല സഹോദരങ്ങൾക്കും ഇതിന്റെ അർത്ഥം ഇനിയും അറിയില്ലെന്നും സ്വാമി നിന്റെയകത്ത് ഒാം.... നിന്റെയകത്ത് ഒാം... എന്ന് ചാെല്ലി ചൊല്ലി തിന്തകത്തോം എന്നായി മാറിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. തന്റെ വീടിന് അടുത്തുള്ള കല്ലുവെട്ടുകാരനായ ഒരു ഗുരുസ്വാമിയാണ് ഇൗ അറിവ് പകർന്ന് നൽകിയതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

മാതൃകാപരമായ പ്രവർത്തനം, സൗമ്യമായ പെരുമാറ്റം എന്നിവയിലൂടെ അന്യ മതസ്ഥരുടെ ഇടയിലും വൈദികൻ പ്രിയങ്കരനാണ്.

പെരിങ്ങനാട് പള്ളിയിലെ സേവനകാലത്താണ് കൊവിഡ് പ്രതിസന്ധി ഉടലെടുക്കുന്നത്. ആറു മാസം ദേവാലയം അടഞ്ഞുകിടന്നപ്പോൾ, ഇടവകയിലെ സാധുക്കളായ നിരവധി കുടുംബങ്ങളുടെ സഹായത്തിന് വൈദികൻ സമയം കണ്ടെത്തി. ഭക്ഷണത്തിനും മരുന്നിനുമായി ബുദ്ധിമുട്ടുന്നവർക്ക് വിവിധ പ്രസ്ഥാനങ്ങൾ വഴിയും ഇടവക വഴിയും മരുന്നും ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു. സാമ്പത്തിക സഹായവും നൽകി.

ഇടവക ട്രസ്റ്റി ബിജു കരകാലിൽ, സെക്രട്ടറി ഷെല്ലി ബേബി, ജി.തോമസ്, കെ.എം ലൂക്കോസ്, റോബിൻ ബേബി, ലിസി ജോൺ, ജോസി ജോർജ്, റിജോ രാജൻ, സാറാ റോബിൻ ബേബി, എൽസി സാബു,കെ.എം. സാമുവൽ എന്നിവർ യാത്രയയപ്പു സമ്മേളനത്തിൽ പ്രസംഗിച്ചു.