പത്തനംതിട്ട : നഗരസഭ അദ്ധ്യക്ഷ റോസ്ലിൻ സന്തോഷിനെ സ്വാതന്ത്ര്യദിന ആഘോഷ സമയത്ത് അപമാനിച്ചതിൽ നഗരസഭ കൗൺസിലിൽ ശക്തമായ പ്രതിഷേധിച്ചു. സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടി സമയത്ത് ജില്ലാ സ്റ്റേഡിയത്തിൽ ഇരിപ്പിടം നൽകാതെ അപമാനിച്ച ജില്ലാ ഭരണകൂടത്തിന്റെ സമീപനത്തിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകുവാൻ നഗരസഭ കൗൺസിലിൽ തീരുമാനിച്ചു. അജണ്ടയിലേക്ക് കടക്കും മുമ്പ് നഗരസഭ അദ്ധ്യക്ഷക്ക് ഉണ്ടായ അപമാനത്തെ കുറിച്ച് ചർച്ച ചെയ്യണമെന്ന് കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. സംഭവ സമയത്തെ നിജസ്ഥിതി നഗരസഭ അദ്ധ്യക്ഷ വിശദീകരിക്കണമെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. ജാസിം കുട്ടി അവശ്യപ്പെട്ടു. താൻ ക്യത്യ സമയത്ത് സ്റ്റേഡിയത്തിൽ എത്തിയെന്നും എന്നാൽ എല്ലാ തവണയും മുഖ്യാതിഥി,എം.പി,എം.എൽ.എ,ജില്ലാ കളക്ടർ,എസ്.പി.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എന്നിവർക്കൊപ്പം നഗരസഭ അദ്ധ്യക്ഷയ്ക്ക് ഒരുക്കുന്ന ഇരിപ്പിടം അവിടെ ഇല്ലായിരുന്നുവെന്നും കുറെ 20 മിനിറ്റോളം താൻ അവിടെ നിന്നിട്ടും ഒരു പരിഗണയും കിട്ടാതെ വന്നപ്പോൾ വേദി വിട്ടിറങ്ങി കളക്ടറിന്റെ ശ്രദ്ധയിൽ പെടുത്തിയെന്നും പിന്നീട് പരിപാടിക്ക് പോയിട്ടില്ലാത്തതുമാണെന്നും നഗരസഭ അദ്ധ്യക്ഷ വിശദീകരിച്ചു. ഇത് നഗരസഭ കൗൺസിലിനും നഗരസഭയിലെ മുഴുവൻ ജനങ്ങൾക്കും ഉണ്ടായ നാണക്കേടായെന്നും ഇതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും തുടർന്ന് സംസാരിച്ച മുഴുവൻ കൗൺസിൽ അംഗങ്ങളും ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്ക് പരാതി നൽകണമെന്നും രാഷ്ടീയ വ്യത്യാസമില്ലാതെ കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടതോടെ തീരുമാനം എടുക്കുകയായിരുന്നു.സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ ജാസിംകുട്ടി സിന്ധു അനിൽ,സജി.കെ സൈമൺ, ശോഭ കെ മാത്യു കൗൺസിൽ അംഗങ്ങളായ രജനി പ്രദീപ്, പി.കെ ജേക്കബ്, റോഷൻ നായർ, പി.കെ അനീഷ്, വി മുരളീധീരൻ, അംബിക വേണു, ആർ ഹരീഷ്, വി ആർ ജോൺസൺ , ദീപു ഉമ്മൻ, അൻസർ മുഹമ്മദ്, സുശീലപുഷ്പൻ , ഷൈനി ജോർജ്, ശുഭ ടി.ആർ, ആമിന ഹൈദ്രാലി, പി വി അശോക് കുമാർ എന്നിവർ സംസാരിച്ചു.