women-law

പത്തനംതിട്ട : ഭർത്താവ് ഇല്ലാത്ത രണ്ട് കുട്ടികളുടെ അമ്മയായ തിരുവല്ല കുറ്റപ്പുഴ സ്വദേശിനി നിഷാ രാജേഷിനെ അയൽവാസിയുടെ ഉപദ്രവത്തിൽ നിന്ന് സംരക്ഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു. പട്ടയം ലഭിച്ച ഭൂമിയിൽ വീട് നിർമ്മിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിലായിരുന്നു ഉപദ്രവം തുടർന്നത്. തിരുവല്ല സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. അയൽവാസിയായ തോമസ് സ്റ്റീഫന് എതിരെയാണ് പരാതി.
തിരുവല്ല നഗരസഭാ സെക്രട്ടറി, തിരുവല്ല പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവരിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങി.
നിഷാ രാജേഷിന് പട്ടയഭൂമിയിൽ വീട് നിർമ്മിക്കുന്നതിന് നഗരസഭയിൽ നിന്ന് പി.എം.എ.വൈ പദ്ധതിപ്രകാരം സാമ്പത്തിക സഹായം നൽകിയിരുന്നു. നടപ്പാത ഇടിച്ച് വീതി കുറച്ചാണ് കെട്ടിട നിർമ്മാണം നടത്തിയെന്നാരോപിച്ച് തോമസ് സ്റ്റീഫൻ നിഷക്കെതിരെ പരാതി നൽകി. നഗരസഭ പരിശോധന നടത്തിയെങ്കിലും പരാതി വ്യാജമാണെന്ന് കണ്ടെത്തി. തോമസ് സ്റ്റീഫൻ നിഷക്കെതിരെ നിരവധി തവണ പരാതി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നിഷാ രാജേഷിന്റെ വീട് നിർമ്മാണത്തിനെതിരെ ഓംബുഡ്‌സ്മാനിൽ നൽകിയ പരാതി തള്ളിയതായും റിപ്പോർട്ടിലുണ്ട്. വ്യാജപരാതികൾ നൽകുന്നതിനെതിരെ തോമസ് സ്റ്റീഫന് താക്കീത് നൽകിയിട്ടുണ്ടെന്ന് തിരുവല്ല പൊലീസ് കമ്മിഷനെ അറിയിച്ചു.