19-bk-nair

മലയാലപ്പുഴ: രാജ്യത്ത് പൊതുവിതരണ സംവിധാനം തുടങ്ങുന്നതിന് മുൻപ് 1924 ൽ ഹാരിസൺ മലയാളം പ്ലാന്റെഷന്റെ കുമ്പഴത്തോട്ടത്തിൽ ബ്രട്ടീഷുകാർ നിർമ്മിച്ച അരിക്കടയ്ക്ക് തോട്ടം തൊഴിലാളികളുടെ അതിജീവനത്തിന്റെ കഥയാണ് പറയാനുള്ളത്. സ്വാതന്ത്ര്യ ലബ്ദ്ധിക്ക് മുൻപ് തോട്ടം തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യങ്ങൾ കമ്പനി സ്റ്റോക്ക് ചെയ്തിരുന്ന സ്ഥലമായിരുന്നു അരിക്കട. ഭക്ഷ്യക്ഷാമകാലത്ത് അരി വാങ്ങാനായി ഇവിടെ തൊഴിലാളികൾ ക്യൂ നിൽക്കുമായിരുന്നു. കോൺഗ്രസ് നേതാവും സംസ്ഥാനത്തെ ഐ.എൻ.ടി.യു.സിയുടെ സ്ഥാപക പ്രസിഡന്റുമായിരുന്ന ബി.കെ.നായരുടെ പ്രവർത്തന മേഖലയായിരുന്നു കുമ്പഴത്തോട്ടം. ഗാന്ധിജിയോടൊപ്പം വാർദയി ലും സർദാർവല്ലഭായി പട്ടേലിന്റെ സെക്രട്ടറിയായും പ്രവർത്തിച്ച ബി.കെ.നായർ തിരുവിതാംകൂറിൽ ഐ.എൻ.ടി.യു.സി രൂപീകരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.

1952 ൽ ഭക്ഷ്യക്ഷാമകാലത്ത് കുമ്പഴത്തോട്ടത്തിലെ ആയിരത്തിലധികം വരുന്ന തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലായി. അന്ന് അരിക്കടയിൽ സൂക്ഷിച്ച് വച്ചിരുന്ന അരി തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ എസ്റ്റേറ്റ് മാനേജ്‌മെന്റ് തയ്യാറായില്ല. കൊച്ചിയിലെയും മലബാറിലേയും മാഹിയിലെയും തൊഴിലാളികളുമായി ബി.കെ.നായർ കുമ്പഴത്തോട്ടത്തിലെത്തി തൊഴിലാളികളെ സംഘടിപ്പിച്ചു. അരിക്കടയുടെ പൂട്ടുപൊളിച്ച് അകത്ത് കടന്നു തൊഴിലാളികളിൽ ഒരാളെ കണക്കെഴുതാനും മറ്റൊരാളെ അളന്ന് കൊടുക്കാനും ചുമതലപ്പെടുത്തി, അരിക്കടയിലുണ്ടായിരുന്ന മുഴുവൻ ഭക്ഷ്യധാന്യങ്ങളും തൊഴിലാളികൾക്ക് വിതരണം ചെയ്തു. ഹാരിസൺ കമ്പനി ബി.കെ.നായരെ പ്രതിയാക്കി കേസ് കൊടുത്തെങ്കിലും കോടതി വെറുതെ വിട്ടു. കുമ്പഴതോട്ടത്തിലെ സെൻട്രി ഫ്യൂജഡ് ഫാക്ടറിയിൽ നിന്ന് കടവുപുഴയിലേക്ക് പോകുന്ന റോഡരികിൽ ഇന്നും അരിക്കടയുണ്ട്. 96 വർഷം പഴക്കമുള്ള കെട്ടിടം ജീർണ്ണാവസ്ഥയിലാണ്. തോട്ടത്തിലെ റേഷൻകട പ്രവർത്തിക്കുന്നത് ഇവിടെയാണ്.

1963 വരെ സംസ്ഥാനത്തെ ഐ.എൻ.ടി.യു.സിയുടെ പ്രമുഖ നേതാക്കളായിരുന്നു ബി.കെ.നായരും കെ.കരുണാകരനും. ബി.കെ.നായരുടെ ട്രേഡ് യൂണിയൻ പ്രവർത്തന മേഖലയായിരുന്നു കുമ്പഴത്തോട്ടം.

ജോതിഷ്‌കുമാർ മലയാലപ്പുഴ,

ഐ.എൻ.ടി.യു.സി നേതാവ്