പത്തനംതിട്ട: വൃശ്ചികത്തിൽ തുടങ്ങുന്ന മണ്ഡലകാല തീർത്ഥാടനത്തിന്റെ മുന്നാേടിയായി ശബരിമല ക്ഷേത്രത്തിൽ തുലാമാസ പൂജ മുതൽ ഭക്തർക്ക് പ്രവേശനം നൽകും. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും ഭക്തരെ മല കയറ്റുന്നത്. സാമൂഹിക അകലം പാലിക്കുന്ന തരത്തിൽ നിയന്ത്രിക്കും. 10 വയസ് കഴിയാത്തവർക്കും 65 വയസ് കഴിഞ്ഞവർക്കും പ്രവേശനം ഇല്ല. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവരെ മാത്രമേ മലകയാറാൻ അനുവദിക്കൂ. പരീക്ഷണാടിസ്ഥാനത്തിലാണ് തുലാമാസത്തിലെ അഞ്ച് ദിവസം ദർശനം അനുവദിക്കുന്നത്.
ഒരു ദിവസം പതിനായിരം പേർക്ക് ദർശനം അനുവദിക്കാനാണ് ആലോചന. സാധാരണ മണ്ഡല, മകരവിളക്ക് വേളയിൽ ഒരു ദിവസം ഒരു ലക്ഷത്തിലേറെപ്പേരാണ് ദർശനം നടത്തുന്നത്.
കൊവിഡ് പരിശോധന
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവരെ മാത്രമേ കടത്തിവിടൂ. സർട്ടിഫിക്കറ്റ് ഉള്ളവർ 96 മണിക്കൂർ കഴിഞ്ഞാണ് എത്തുന്നതെങ്കിൽ പമ്പയിൽ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാകണം. ഇതിന് 20 മിനിട്ട് എടുക്കും. അന്യസംസ്ഥാനങ്ങളിൽ നിന്നുവരുന്നവരെ കർശന പരിശോധനയ്ക്ക് ശേഷമേ കടത്തി വിടുകയുള്ളൂ.
@ ഭക്തർക്ക് ഒാണസദ്യയില്ല
ഉത്രാടം, തിരുവോണം സദ്യകൾ മേൽശാന്തിമാർക്കും ജീവനക്കാർക്കും മാത്രമായി ചുരുങ്ങും. ഒാണം പൂജകൾക്ക് ഇൗ മാസം 29ന് നട തുറക്കും. സെപ്തംബർ രണ്ടിന് അടയ്ക്കും. 2018ലെ പ്രളയത്തെ തുടർന്നും ഒാണസദ്യ ഭക്തർക്ക് നൽകിയില്ല.
@ ഒാണനഷ്ടം 5 കോടി
ഒാണപ്പൂജകൾക്ക് പ്രവേശനം ഇല്ലാത്തതിനാൽ വരുമാന നഷ്ടം അഞ്ചു കോടി രൂപ.
'' ഭക്തർക്ക് നിയന്ത്രണങ്ങളോടെ ദർശനം അനുവദിക്കാനാണ് ആലോചന. ആരോഗ്യ വകുപ്പിന്റെ നിർദേശം പരിഗണിച്ച് അന്തിമ തീരുമാനമെടുക്കും.
എൻ. വാസു, ദേവസ്വം ബോർഡ് പ്രസിസഡന്റ്.