പത്തനംതിട്ട : കൊവിഡ് വ്യാപനം തടയുന്നതിന് ഓരോ പ്രദേശത്തെയും റസിഡന്റ്‌സ് അസോസിയേഷനുകൾക്കു ചെയ്യാനേറെ കാര്യങ്ങളുണ്ടെന്നും ജനമൈത്രി പൊലീസ് സേവനം ഇതിൽ പ്രയോജനപ്പെടുത്താവുന്നതാണെന്നും ജില്ലാപൊലീസ് മേധാവി
കെ.ജി സൈമൺ പറഞ്ഞു. കഴിഞ്ഞ ആറുമാസമായി കൊവിഡുമായി നിരന്തര പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർ, പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, റവന്യൂ, തദ്ദേശ സ്വയംഭരണ വിഭാഗങ്ങൾ എന്നിവർക്കൊപ്പം മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും ഓരോരുത്തരും സ്വയമേവ നിയന്ത്രണങ്ങൾ അനുസരിച്ചു ജീവിക്കണമെന്നും ജില്ലാപൊലീസ് മേധാവി പറഞ്ഞു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ട് അക്ഷീണം യത്‌നിച്ചുകൊണ്ടിരിക്കുന്ന വിഭാഗങ്ങളിൽപെട്ടവരും രോഗഗ്രസ്തകരാവുന്നത് അത്യന്തം ഗൗരവതരമാണ്.
കൊവിഡ് രോഗവ്യാപനത്തെയും നിയന്ത്രണമാർഗങ്ങളെയും കുറിച്ചുള്ള ബോധവൽക്കരണം നടത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണം. സാമൂഹിക അകലം, മാസ്‌കിന്റെ ശരിയായ ഉപയോഗം, കൈകളുടെ ശുചിത്വം തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നതിന്റെ പ്രാധാന്യം ജനമൈത്രി പൊലീസുമായി ചേർന്നുള്ള പ്രവർത്തനത്തിലൂടെ ജനങ്ങളെ ബോദ്ധ്യപ്പെടുത്താം. പോസ്റ്ററുകൾ, നോട്ടീസ്, ബാനർ പ്രദർശനം, രോഗബാധിതരെയും മുക്തരായവരെയും കുടുംബങ്ങളെയും ഒറ്റപ്പെടുത്താതെ അവരെ ഒപ്പം ചേർക്കുകയും സുരക്ഷ ഉറപ്പാക്കുകയും വേണം. രോഗത്തെയാണ് വ്യക്തികളെയല്ല അകറ്റിനിറുത്തേണ്ടത്, ശുചീകരണ പ്രവൃത്തികൾ നടത്തുക, ക്വാറന്റീൻ ലംഘിക്കുന്നവരുടെയും മറ്റു നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെയും വിവരങ്ങൾ ആരോഗ്യ, പൊലീസ് വകുപ്പ് അധികൃതരെ അറിയിക്കുക, സന്ദർശകർ വീടുകളിൽ ജോലിക്ക് വരുന്നവർ തുടങ്ങിയവരുടെ വിശദാംശം എഴുതി സൂക്ഷിക്കുക, അവശ്യസഹായങ്ങൾ വേണ്ടവർക്ക് ജനമൈത്രി പൊലീസുമായി സഹകരിച്ചു എത്തിക്കുക, മെഡിക്കൽ സഹായം ലഭ്യമാക്കാൻ സഹകരിക്കുക, ചെറിയ ചെറിയ വാട്‌സ്ആപ്പ് കൂട്ടായ്മകളുണ്ടാക്കി സഹായങ്ങൾ എത്തിക്കുക, വീടുകളിൽ ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ, പലഹാരങ്ങൾ പരസ്പരം എത്തിച്ചുകൊടുക്കുക, വിജ്ഞാനത്തിനും വിനോദത്തിനും ഓൺലൈൻ ക്ലാസുകളും മറ്റും നടത്തുക, കുട്ടികൾ മുതിർന്ന പൗരന്മാർ എന്നിവരുടെ സമ്മർദങ്ങൾ കുറക്കാൻ നടപടികൾ സ്വീകരിക്കുക, പുസ്തകങ്ങൾ കൗൺസിലർമാരുടെ സേവനം എന്നിവ എത്തിക്കുക തുടങ്ങി നിരവധി കാര്യങ്ങൾ ഓരോ പ്രദേശത്തെയും റസിഡന്റ്‌സ് അസോസിയേഷനുകൾക്കു ഒറ്റക്കും ജനമൈത്രി പൊലീസുമായും ചേർന്ന് ഈ കോവിഡ് കാലത്ത് ചെയ്യാവുന്നതാണെന്നും ജില്ലാ പൊലീസ് മേധാവി ചൂണ്ടിക്കാട്ടി.