ചെങ്ങന്നൂർ: ശാസ്താംപുറം ചന്തയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഫിഷറീസ് വകുപ്പിന്റെ കെട്ടിടം കാടുകയറി കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. കോൺക്രീറ്റ് കെട്ടിടത്തിന് ചോർച്ച തടയാനായി നിർമ്മിച്ച മേൽക്കൂരയിലെ ഇരുമ്പു ഷീറ്റുകൾ കാറ്റിൽ പറക്കുന്നത് സമീപവാസികൾക്കും ചന്തയിൽ എത്തുന്നവർക്കും പേടി സ്വപ്നമാണ്. നഗരസഭ അധികാരികൾ ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയുമില്ല.
കൊതുകിന്റെ വാസകേന്ദ്രം
കെട്ടിടത്തിനു സമീപത്ത് നിരവധി ടാങ്കുകളാണ് നിർമ്മിച്ചിരിക്കുന്നത്. ടാങ്കിൽ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ കൊതുകിന്റെ വാസകേന്ദ്രമായി മാറി. ഇതോടെ കൊതുകു ശല്യവും വർദ്ധിച്ചതായി സമീപവാസികൾ പറയുന്നു. അലങ്കാര മത്സ്യങ്ങൾ വളർത്തുന്നതിനായി മുൻ എം.എൽ.എ പി.സി വിഷ്ണുനാഥ് അനുവദിച്ച പദ്ധതിക്കു വേണ്ടിയാണ് ചെറുതും വലുതുമായി നിരവധി ടാങ്കുകൾ നിർമ്മിച്ചത്. ഫിഷറീസ് വകുപ്പിന്റെ ബഥേൽ പള്ളിക്ക് സമീപത്തെ പമ്പ് ഹൗസിലെ സ്ഥിതിയും ഇതുതന്നെയാണ്. ഈ സാഹചര്യത്തിൽ സജി ചെറിയാൻ എം.എൽ.എ അടിയന്തരമായി ഇടപെടണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.കെട്ടിടത്തിലെ മേൽക്കൂരയുടെ ഷീറ്റുകൾ പറന്നു പോയിട്ടിട്ടുണ്ട്. അലങ്കാര മത്സ്യകൃഷിക്കായി നിർമ്മിച്ച ടാങ്കുകളിൽ മലിനജലമാണ്.