പത്തനംതിട്ട: കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി പത്തനംതിട്ട പൊലീസ് സ്റ്റേഷന്. തൃശൂർ സിറ്റിയിലെ മണ്ണുത്തി പൊലീസ് സ്റ്റേഷനൊപ്പമാണ് പത്തനംതിട്ട ഒന്നാം സ്ഥാനം പങ്കിട്ടത്. സായുധ ബറ്റാലിയൻ എ.ഡി.ജി.പി യുടെ നേതൃത്വത്തിൽ രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി നിബന്ധനകൾ എല്ലാം പാലിച്ചുവെന്നുറപ്പാക്കിയ നാല് പൊലീസ് സ്റ്റേഷനുകൾ തിരഞ്ഞെടുക്കുകയായിരുന്നു.
കേസുകൾ തീർപ്പാക്കൽ, അന്വേഷണ മികവ്, പൊതുജനങ്ങളുമായി മികച്ച ബന്ധം, ജനമൈത്രി പൊലീസിന്റെ മികച്ച പ്രവർത്തനം, അടിസ്ഥാനം സൗകര്യം തുടങ്ങിയ കാര്യങ്ങളിൽ പത്തനംതിട്ട പൊലീസ് സ്റ്റേഷൻ മികവ് പുലർത്തി. കഴിഞ്ഞ ആഗസ്റ്റിൽ ഡി.ജി.പി ലോക്നാഥ് ബഹ്റ പത്തനംതിട്ടയിലെത്തിയപ്പോൾ പൊലീസ് സ്റ്റേഷന്റെ പ്രവർത്തന മികവ് നേരിട്ട് വിലയിരുത്തി അഭിനന്ദിച്ചിരുന്നു.
കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷൻ രണ്ടാം സ്ഥാനവും തമ്പാനൂർ പൊലീസ് സ്റ്റേഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പ്രവർത്തനം മികച്ചതാക്കിയ എല്ലാ പൊലീസുദ്യോഗസ്ഥർക്കും ജില്ലാ പൊലീസ് മേധാവി ആശംസകൾ അർപ്പിച്ചു.
'' സംസ്ഥാനത്തെ ഒന്നാം നമ്പർ പൊലീസ് സ്റ്റേഷനായി പത്തനംതിട്ട സ്റ്റേഷൻ തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം. സ്റ്റേഷനിലെ എല്ലാ പൊലീസുകാർക്കും പ്രവർത്തനങ്ങൾക്ക് മേൽനാേട്ടം വഹിച്ച ഉന്നത ഉദ്യോഗസ്ഥർക്കും അവകാശപ്പെട്ടതാണ് ഇൗ നേട്ടം.
ന്യൂമാൻ, സ്റ്റേഷൻ ഹൗസ് ഒാഫീസർ.