cow

പത്തനംതിട്ട: പശുവിനെയും ആടിനെയും കോഴിയെയുമൊക്കെ വളർത്തി ആദായം നേടിക്കോളൂ. 2018ലെ പ്രളയത്തിൽ ജില്ലയിൽ നാശനഷ്ടം സംഭവിച്ചവർക്കാണ് സർക്കാർ ആശ്വാസവുമായെത്തുന്നത്.

പ്രളയത്തെ തുടർന്ന് സർക്കർ പ്രഖ്യാപിച്ച റീബിൽഡ് കേരളയിൽ ജീവനോപാധി മൃഗസംരക്ഷണ പദ്ധതി ഉടൻ ആരംഭിക്കും. ജില്ലയിലെ 7000 പേർക്ക് ആനുകൂല്യം ലഭിക്കും. പശു, കിടാരി വളർത്തൽ, തൊഴുത്ത് നിർമ്മാണം, ഫാം ആധുനികവൽക്കരണം, പുൽകൃഷി, കന്നുകുട്ടി പരിപാലന പദ്ധതി, ആട്, കോഴി, താറാവ് വളർത്തൽ തുടങ്ങിയവയാണ് മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്നത്.

മൃഗാശുപത്രിയിലാണ് അപേക്ഷ നൽകേണ്ടത്. അടൂർ, പത്തനംതിട്ട, തിരുവല്ല, പന്തളം നഗരസഭകൾ ഉൾപ്പെടെ 57 തദ്ദേശസ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കും. നിർവഹണ ഉദ്യോഗസ്ഥരുടെ ഒാൺലൈൻ സ്ക്രീനിംഗ് പൂർത്തിയായി. ഗുണഭോക്താക്കളുടെ പട്ടിക 24ന് തയ്യാറാക്കും.

@ ഒരു പശുവിന് 60000 രൂപ സബ്സിഡി

ജില്ലയിൽ 600 പശു വളർത്തൽ യൂണിറ്റുകൾ ആരംഭിക്കും. ഒരു യൂണിറ്റിലെ ഒരാൾക്ക് രണ്ട് പശുക്കൾ വേണം. 60000 രൂപ സബ്സിഡി സർക്കാർ നൽകും. ബാക്കി 60000രൂപ ബാങ്ക് ലോണായോ ഉപഭോക്തൃ വിഹിതമായോ നൽകണം. കൂടാതെ കിടാരിയെ വാങ്ങുന്നതിന് 15000 രൂപ സബ്സിഡി നൽകും.

@ തൊഴുത്ത് നിർമ്മാണത്തിന് 25000രൂപ

പുതിയ തൊഴുത്ത് നിർമ്മാണത്തിന് 25000രൂപ സബ്സിഡി ലഭിക്കും.

@ ആട് വളർത്തലിന് 25000രൂപ

ഒരു മുട്ടനാടും അഞ്ച് പെണ്ണും ചേർന്ന ആട് വളർത്തൽ പദ്ധതിയിൽ 25000രൂപ സബ്സിഡി ലഭിക്കും.

@ പശുക്കൾ, ആടുകൾ എന്നിവയെ ബ്ളോക്കുതല പർച്ചേസ് കമ്മറ്റിയുടെ മേൽനോട്ടത്തിൽ വാങ്ങിനൽകും.

@ പശുവളർത്തലുള്ള 1000 കർഷകർക്ക് പ്രതിമാസം 2 ചാക്ക് കാലിത്തീറ്റ ആറ് മാസത്തേക്ക് പകുതി വിലയ്ക്ക് നൽകും.

@ തദ്ദേശ സ്ഥാപനങ്ങളുടെ വകയായി 500 പശുക്കുട്ടികൾക്ക് ആദ്യ പ്രസവം വരെ കാലിത്തീറ്റ പകുതി വിലയ്ക്ക് നൽകും. ഇതിനായി ഒാരോ ഗുണഭോക്താവിനും 12500 രൂപ സബ്സിഡി ലഭിക്കും.

@ 2018ലെ പ്രളയത്തിൽ കോഴിയെയും താറാവിനെയും നഷ്ടമായ 2000പേർക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങളെയും 1500 പേർക്ക് 10 താറാവ് കുഞ്ഞുങ്ങളെയും സൗജന്യമായി നൽകും.

-------------------

'' പദ്ധതിയുടെ ഗുണഭോക്തൃപട്ടിക 24ന് തയ്യാറാക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. ജില്ലാ മൃഗസംരക്ഷണ ഒാഫീസർ ഡോ. താേമസ് ഏബ്രഹാം പദ്ധതിയുടെ മേൽനോട്ടം വഹിക്കും.

ഡോ. എം.മാത്യു, പബ്ളിക് റിലേഷൻസ് ഒാഫീസർ.