പത്തനംതിട്ട: ചിറ്റാറിലെ കർഷകൻ പി.പി. മത്തായി വനപാലകരുടെ കസ്റ്റഡിയിൽ മരിച്ചിട്ട് 23 ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റു ചെയ്യാതിരിക്കുന്നത് പൊലീസിന്റെ പിടിപ്പുകേടു മൂലമാണെന്ന് കെ.മുരളീധരൻ എം.പി.
വനപാലകരെ രക്ഷപ്പെടുത്താനാണ് പൊലീസ് ശ്രമിച്ചത്. മുൻകൂർ ജാമ്യം പ്രതികൾക്കു ലഭിക്കാനാണ് മൂന്നാഴ്ച നടപടികൾ നീട്ടിക്കൊണ്ടുപോയത്. പൊലീസിൽ വിശ്വാസമില്ലാത്തതിനാലാണ് കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. തന്റെ പൊലീസിന് കേസന്വേഷിക്കാൻ മികവില്ലെന്ന് പിണറായി കോടതിയിൽ സമ്മതിക്കേണ്ടിവരും. ക്രൈംബ്രാഞ്ചിന്റെ അധികാരത്തിൽ കൈകടത്തിക്കൊണ്ടുള്ള ഉത്തരവുകൾ ഇറങ്ങുന്നു. മുഖ്യമന്ത്രി ഒന്നും അറിയുന്നില്ലെന്നാണ് പറയുന്നത്. ആരോഗ്യ പ്രോട്ടോക്കോൾ നടപ്പാക്കാനുള്ള ചുമതലയും പൊലീസിനായി.
ഭരണത്തിന്റെ തുടക്കത്തിൽ കൊലപാതക പരമ്പരകളായിരുന്നു. ഇന്നിപ്പോൾ കള്ളക്കടത്തിനാണ് പ്രാധാന്യം. കാെവിഡിന്റെ മറവിൽ എന്തും കാട്ടിക്കൂട്ടാമെന്ന സർക്കാർ മോഹം നടക്കില്ല. രണ്ടും കല്പിച്ച് കൊള്ളയും അനീതിയും നടത്താനുള്ള ശ്രമമാണ് സംസ്ഥാനത്തു നടക്കുന്നത്. കൊവിഡ് കാലം തുടരണമെന്നതാണ് പിണറായിയുടെ ആഗ്രഹമെന്നും മുരളീധരൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബാബുജോർജ്, മുൻ പ്രസിഡന്റ് പി.മോഹൻരാജ് തുടങ്ങിയവരും മുരളീധരനൊപ്പമുണ്ടായിരുന്നു.