പത്തനംതിട്ട : ജില്ലയിൽ 87 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.
ഇന്നലെ 19 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1817. ജില്ലയിൽ ഇതുവരെ ആകെ 2208 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 1127 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഏഴുപേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും അഞ്ചുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 75 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ 19 പേർ കടമ്പനാട് ക്ലസ്റ്ററിൽ നിന്നും എട്ടുപേർ നെല്ലാട് ക്ലസ്റ്ററിൽ നിന്നും നാലുപേർ കണ്ണംകോട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതരായി. നാലുപേരുടെ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല. തുവയൂർ സൗത്തിൽ എട്ടു വയസുകാരി ഉൾപ്പെടെ 9പേർക്കും വളളംകുളത്ത് നാലുപേർക്കും കോന്നി മങ്ങാരത്ത് നാലുപേർക്കും വകയാറിൽ രണ്ടു വയസുളള കുട്ടി ഉൾപ്പെടെ നാലുപേർക്കും കൊവിഡ് പോസിറ്റീവായി. ഇലന്തൂരിൽ 13 പേർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
ജില്ലക്കാരായ 383 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 374 പേർ ജില്ലയിലും 9 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 142 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 29 പേരും, അടൂർ ജനറൽ ആശുപത്രിയിൽ ഒരാളും, റാന്നി മേനാംതോട്ടം സി.എഫ്.എൽ.ടി.സിയിൽ 71 പേരും, പന്തളം അർച്ചന സി.എഫ്.എൽ.ടി.സിയിൽ 35 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളേജ് സി.എഫ്.എൽ.ടി.സിയിൽ 105 പേരും, തിരുവല്ല ഹോളി സ്പിരിറ്റ് കോൺവെന്റിൽ ഒരാളും ഐസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ 30 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 414 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. ഇന്നലെ പുതിയതായി 99 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
8 മരണം
ഇന്നലെ കൊവിഡ് മൂലം ജില്ലയിൽ ഒരാൾ മരിച്ചു. കവിയൂർ സ്വദേശി വി.പി.രാമകൃഷ്ണപിളള (83) ആണ് കോട്ടയം മെഡിക്കൽ കോളേജിൽ മരിച്ചത്. കൊവിഡ് ബാധിച്ച 8 പേർ ഇതുവരെ ജില്ലയിൽ മരിച്ചു.