അടൂർ : കെ. എസ്. ആർ. ടി. സി ഡിപ്പോയിലെ കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ ഡിപ്പോയുടെ പ്രവർത്തനം നിറുത്തിവച്ച് അണുനശീകരണം നടത്തിയെങ്കിലും പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിക്കാത്തത് ജീവനക്കാർക്കിടയിൽ ഭീതിപരത്തുന്നു. ഡിപ്പോയുടെ പ്രവർത്തനം ഇന്ന് പുനരാരംഭിക്കുന്നതിനാൽ ജോലിക്ക് റിപ്പോർട്ട് ചെയ്യേണ്ടവർ തികഞ്ഞ ആശങ്കയിലാണ്. കൊല്ലം - പത്തനംതിട്ട ചെയിൻ സർവീസിലെ കണ്ടക്ടർക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം 10 നാണ് അവസാനഡ്യൂട്ടി നോക്കിയതെങ്കിലും 12 നും 14 നും ഡിപ്പോയിൽ എത്തി ഒപ്പിട്ട് മടങ്ങി. ഇൗ സമയത്ത് ഒാഫീസ് ജീവനക്കാർ ഉൾപ്പെടെ നിരവധിപ്പേരുമായി ഇദ്ദേഹം പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടതാണ് ജീവനക്കാരെ ഭയാശങ്കയിലാഴ്ത്തുന്നത്. ഇതിന് പുറമേ ഒരു കെ. എസ്. ആർ. ടി. സി കണ്ടക്ടറുടെ മരണവീട്ടിൽ സഹപ്രവർത്തകർക്കൊപ്പം എത്തി. മരണമടഞ്ഞ ആളുകളുടെ ബന്ധുക്കളുമായും സമ്പർക്കമുണ്ട്. ഇതിനിടെ ഇൗ കണ്ടക്ടറുടെ സഹോദരനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കടമ്പനാട് പഞ്ചായത്തിലെ ഒരു മെമ്പർവഴിയുള്ള സമ്പർക്കമാണ് സഹോദരന് കൊവിഡ് ബാധിച്ചത്. ഇയാൾ വഴിയാകാം കണ്ടക്ടർക്കും രോഗം പകർന്നതെന്നാണ് പ്രാഥമിക നിഗമനം.അതേ സമയം ഡിപ്പോയിലെ മുഴുവൻ ജീവനക്കാർക്കും 21, 22 തീയതികളിലായി ആന്റിജൻ പരിശോധന നടത്തുന്നതിനാൽ ഭയക്കേണ്ടതില്ലെന്നാണ് ഡിപ്പോ അധികൃതരുടെ വിശദീകരണം. കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വലയിരുത്തുന്നതിനാൽ അടൂർ ഡിപ്പോയിലെ എ. ടി. ഒ യെ പലപ്രാവശ്യം ചിറ്റയം ഗോപകുമാർ എം. എൽ. എ ചൊവ്വാഴ്ച രാത്രിയിൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും അറ്റന്റ് ചെയ്യാൻ തയ്യാറായില്ലെന്ന പരാതിയുണ്ട്. ഡിപ്പോയിലെ മറ്റൊരു ജീവനക്കാരൻ വഴിയും തന്നെ വിളിക്കാൻ എ. ടി. ഒ യ്ക്ക് നിർദ്ദേശം നകൽകിയെങ്കിലും അതിനും തയ്യാറായില്ലെന്നും എം. എൽ. എയ്ക്ക് പരാതിയുണ്ട്. അതേ സമയം ചീഫ് ഒാഫീസുമായി രാത്രിയിൽ ഗൂഗിൾ മീറ്റ് നടന്നതിനാലാണ് ആ സമയം ഫോൺ എടുക്കാതിരുന്നതെന്നും അതിന് ശേഷം പലതവണ എം. എൽ. എയെ ബന്ധപ്പെട്ടെങ്കിലും എം,.എൽ.എ ഫോൺ എടുക്കാൻ തയ്യാറായില്ലെന്നാണ് എ. ടി. ഒ യുടെ വിശദീകരണം.