അടൂർ : സമ്പർക്കത്തിലൂടെ അടൂരിലും പരിസരപ്രദേശങ്ങളിലും കൊവിഡ് 19 രോഗബാധിരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്ക ഉയർത്തുന്നു. അതേ സമയം യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെയാണ് ജനം തെരുവിൽ ഇറങ്ങുന്നത്. ചിങ്ങം പിറന്നതോടെ നിരത്തിലും വ്യാപാര സ്ഥാപനങ്ങളിലും തിരക്കേറെയായി. എന്നാൽ മഹാമാരി തൊട്ടുപിന്നാലെയുണ്ടെന്ന ചിന്ത നല്ലൊരുവിഭാഗം ആൾക്കാർക്കിടയിലും ഇല്ലെന്നാണ് തിരക്ക് കാണുമ്പോൾ പ്രകടമാകുന്നത്. ചൊവ്വാഴ്ച തന്നെ പതിനാറോളം പേർക്കാണ് നഗരസഭയിലും സമീപ പ്രദേശങ്ങളിലുമായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കണ്ണംകോട് മൂന്നും പഴകുളത്ത് ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ അടൂർ നഗരഹൃദയത്തിലെ പച്ചക്കറി വ്യാപാരിയാണ്. ഏറത്ത് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിക്കും അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർക്കും ചൊവ്വാഴ്ച കൊവിഡ് സ്ഥിരികരിച്ചിരുന്നു. അതേ സമയം ഇവർവഴി എത്രപേർ സമ്പർക്ക പട്ടികയിൽ ഉണ്ടെന്നത് സംബന്ധിച്ച് ഇനിയും വ്യക്തതയില്ല.
യഥാർത്ഥ വിവരങ്ങൾ നൽകുന്നില്ലെന്ന് പരാതി
ആവശ്യമായ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർ പൊലീസിന് നൽകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടെ ബൈക്ക് പെട്രോളിംഗ് നടത്തുന്നത് പൊലീസാണ്.എന്നാൽ യഥാർത്ഥ വിവരങ്ങൾ നൽകാത്താണ് പൊലീസിനെ പ്രധാനമായും കുഴയ്ക്കുന്ന പ്രശ്നം. കണ്ണംകോട് മേഖലയിൽ തന്നെ ഇതിനോടകം ഇരുപതോളം പേർക്ക് കൊവിഡ് സ്ഥിരികരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ഈ പ്രദേശത്തെ കമ്മ്യൂണിറ്റി ക്ളസ്റ്ററായും പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാൽ ക്ളസ്റ്റർ മേഖലയിൽ പലിക്കേണ്ട പല നിയമങ്ങളും നാട്ടുകാർ പാലിക്കുന്നില്ലെന്ന പരാതി പൊലീസിനുമുണ്ട്.
വ്യക്തതയില്ല, ആശങ്ക ബാക്കി
അടൂർ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ വലിയൊരു പങ്കും കണ്ണംകോട് മേഖലയിൽ ഉള്ളവരാണ്.ഇതിൽ ആർക്കൊക്കെ രോഗം ഉണ്ടെന്നത് സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ല. ഇതാണ് രോഗവ്യാപനത്തിന് ഏറെ വഴിയൊരുങ്ങുന്നത്.അടൂർ ശ്രീമൂലം മാർക്കറ്റും പറക്കോട് അനന്തരാമപുരം മാർക്കറ്റും ഓണക്കാലമായതോടെ ഏറെ സജീവമായി. പല നിയന്ത്രണങ്ങളും കാറ്റിൽ പറക്കുന്നു.ഇതൊന്നും നിരീക്ഷിക്കാൻ ആരോഗ്യപ്രവർത്തകർക്കും താൽപ്പര്യമില്ല.ഫലത്തിൽ വരും ദിവസങ്ങളിൽ കൊവിഡ് വ്യാപനം ഏറെ ഉയരുമെന്നതാണ് വിവിധ കേന്ദ്രങ്ങളിലെ നിഗമനം.
--------------------------------------------------------------------------
-ഓണക്കാലമായതോടെ തിരക്ക് കൂടുന്നു
- ക്ളസ്റ്റർ മേഖലയിൽ പലിക്കേണ്ട പല നിയമങ്ങൾ പാലിക്കുന്നില്ല
-സമ്പർക്ക പട്ടിക വ്യക്തമല്ല
-------------------------------------------------------------------------