പത്തനംതിട്ട: ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ ദുരൂഹ സാഹചര്യത്തിൽ ഫാം ഉടമ പി.പി. മത്തായി മരിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി നടന്ന ഡമ്മി പരീക്ഷണത്തിന്റെ റിപ്പോർട്ട് വൈകുന്നു. കുടപ്പനയിലെ മത്തായിയുടെ കുടുംബവീട്ടിലെ കിണറ്റിലാണ് മത്തായിയെ മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഉറപ്പുവരുത്താൻ രണ്ടു ഡമ്മികളാണ് ഒരാഴ്ച മുൻപ് പൊലീസ് പരീക്ഷിച്ചത്. റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ജില്ലാ പൊലീസ് ചീഫ് കെ.ജി. സൈമൺ പറഞ്ഞു.

വനാതിർത്തിയിൽ തകർക്കപ്പെട്ട കാമറയുടെ മെമ്മറി കാർഡ് വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മത്തായിയെ വനപാലകർ കസ്റ്റഡിയിലെടുത്തത്. തെളിവെടുപ്പനായി കുടപ്പനയിലെ കുടുംബവീടിനു സമീപം എത്തിച്ചപ്പോഴാണ് മരണം. തെളിവെടുപ്പിനിടെ മത്തായി കിണറ്റിൽ ചാടിയെന്നാണ് വനപാലകർ നൽകിയ വിശദീകരണം. മത്തായിയെ കസ്റ്റഡിയിലെടുത്തതു മുതൽ നടപടിക്രമങ്ങൾ ഒന്നും പാലിക്കാതിരുന്ന വനപാലകർ തങ്ങളുടെ ഭാഗം സംരക്ഷിക്കാനുള്ള ശ്രമം നടത്തിയത് വിവാദമായിരുന്നു.
എന്നാൽ ആസ്ബറ്റോസ് ഷീറ്റുപയോഗിച്ച് മറച്ചിരുന്ന കിണറ്റിലേക്ക് മത്തായി ചാടിയെന്ന വാദത്തിൽ അന്വേഷണസംഘത്തിനും തുടക്കത്തിലേ സംശയമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡമ്മി പരീക്ഷണം നടന്നത്. ഇതോടൊപ്പം നിർണായകമായ ചില മൊഴികളും ലഭിച്ചതായി പറയുന്നു. മത്തായി കിണറ്റിൽ ചാടിയതാകാനിടയില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുന്നത്. ഫോറൻസിക് വിദഗ്ദ്ധർ, പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ എന്നിവരുടെ സഹായത്തോടെയാണ് ഡമ്മികൾ പരീക്ഷിച്ചത്.