തുമ്പമൺ: സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ വിക്ടേഴ്സ് ചാനൽ സംപ്രേഷക്ഷണം ചെയ്യുന്ന ക്ളാസുകളും അദ്ധ്യാപകരുടെ തുടർ പ്രവർത്തനങ്ങൾ, സംശയനിവാരണ ക്ളാസുകൾ, രക്ഷകർതൃ യോഗങ്ങൾ എന്നിവയിൽ പങ്കെടുക്കാൻ കഴിയാതെ വന്ന നാലു വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ ചേർന്ന് സ്മാർട്ട്ഫോണുകൾ വാങ്ങിനൽകി. തുമ്പമൺ നോർത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരാണ് വിദ്യാർത്ഥികളുടെ സഹായത്തിന് എത്തിയത്. സ്കൂൾ അങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽ വർഡ് മെമ്പർ ഓമനക്കുട്ടൻനായർ ഫോണുകൾ വിതരണം ചെയ്തു.പി. ടി.എ പ്രസിഡന്റ് തോമസ് ജേക്കബ്,പ്രിൻസിപ്പൽ സുമീനാ കെ.ജോർജ്ജ്,അദ്ധ്യാപകരായ ചന്ദ്രലേഖ,കെ.എൻ. മനോജ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓക്സിമീറ്റർ വാങ്ങുന്നതിന് എൻ.എസ്.എസ് യൂണിറ്റ് അംങ്ങൾ സമാഹരിച്ച തുക എൻ.എസ്.എസ് ക്ളസ്റ്റർ കൺവീനറിന് കൈമാറി.