തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും നഗരസഭാ പരിധിയിലുമായി കൊവിഡ് ആന്റിജൻ ടെസ്റ്റ് നടത്തുന്നതിനുള്ള വാഹനം നിരത്തിലിങ്ങി പരിശോധനകൾ തുടങ്ങി. വിവിധ സ്ഥലങ്ങളിലായി ഇന്നലെ 43 പേരെ ആന്റിജൻ പരിശോധന നടത്തിയെങ്കിലും എല്ലാവരുടെയും ഫലം നെഗറ്റിവായത് ആശ്വാസമായി. തിരുവല്ല നഗരസഭ, പുളിക്കീഴ് ബ്ലോക്കിലെ നെടുമ്പ്രം, പെരിങ്ങര, കടപ്ര, നിരണം, കുറ്റൂർ എന്നീ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് പരിശോധന .
സമ്പർക്കവ്യാപനം കൂടിയ സാഹചര്യത്തിലാണ് ആന്റിജൻ പരിശോധന കൂട്ടുന്നത്. പരിശോധനാഫലം അരമണിക്കൂറിനുള്ളിൽ ലഭിക്കും. ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ആന്റിജൻ പരിശോധനയ്ക്കായി വാഹനം നിശ്ചയിക്കപ്പെട്ട സ്ഥലത്തെത്തും. പരിശീലനം ലഭിച്ച ഒരു ഡോക്ടർ, നഴ്സ്, ഒരു ലാബ് ടെക്നീഷ്യൻ, അറ്റൻഡ എന്നിവർ വാഹനത്തിൽ ഉണ്ടാകും.
ശ്വാസകോശ സംബന്ധമായ രോഗം ഉള്ളവർ, ആരോഗ്യ പ്രവർത്തകർ, വഴിയോര കച്ചവടക്കാർ, പൊതുപ്രവർത്തകർ, പൊലീസുകാർ തുടങ്ങിയവരുടെ സാമ്പിളുകളാണ് പ്രധാനമായും പരിശോധിക്കുക. ദിവസം 60 മുതൽ 100 പേരുടെ വരെ പരിശോധന നടത്താനുള്ള സൗകര്യമാണ് വാഹനത്തിൽ ഒരുക്കിയിട്ടുള്ളതെന്ന് നോഡൽ മെഡിക്കൽ ഓഫീസർ ഡോ. മാമ്മൻ പി. ചെറിയാൻ പറഞ്ഞു.
കൊവിഡ് സ്ഥിരീകരിക്കുന്ന ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് സ്രവം ശേഖരിക്കാനുള്ള ഒരു കിയോസ്ക്ക് കൂടി താലൂക്കിൽ ആരംഭിക്കാൻ നടപടി തുടങ്ങി. നിലവിൽ താലൂക്ക് ആശുപത്രിയിൽ മാത്രമേ ഇതിനുള്ള സൗകര്യമുള്ളൂ. ഇതുകാരണം മിക്കപ്പോഴും ഇവിടെ തിരക്കാണ്. കൊവിഡ് ബാധിച്ചവർ കൂടിവരുന്ന സാഹചര്യത്തിൽ സ്രവം പരിശോധിക്കുന്ന കിയോസ്ക്ക് പുളിക്കീഴ് മേഖലയിൽ സ്ഥാപിക്കാനാണ് ആലോചിക്കുന്നത്.