പത്തനംതിട്ട : ചിറ്റാറിൽ വനപാലകർ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് അത്മഹത്യ ചെയ്തതാണെന്ന് വനപാലകർ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ മനപൂർവമല്ലാത്ത നരഹത്യയും, തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ടതായുമുള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വനപാലകരെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പത്തനംതിട്ട കളക്‌ട്രേറ്റിന് മുമ്പിൽ ഉപവാസം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അറിയിച്ചു.നേതാക്കളായ ആന്റോ ആന്റണി എം.പി,കെ.പി.സി.സി ഭാരവാഹികളായ അഡ്വ.കെ.ശിവദാസൻ നായർ,അഡ്വ.പഴകുളം മധു,പന്തളം സുധാകരൻ,പി.മോഹൻരാജ്, മാലേത്ത് സരളാദേവി എന്നിവരാണ് ഉപവസിക്കുന്നത്. ചിറ്റാറിൽ നടന്നുവരുന്ന 18ാം ദിവസത്തെ സത്യാഗ്രഹം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജോൺസൺ എബ്രഹാം ഉദ്ഘാടനം ചെയ്യും.