അടൂർ : ഏത് നിമിഷവും തകർന്ന് വീഴാവുന്ന മൺകുടിലിൽ ദുരിതജീവിതം നയിച്ചുവന്ന കുടുംബത്തിന് യുവത എന്ന സംഘടനയുടെ കൂട്ടായ്മയിൽ സ്വപ്നവീട് ഒരുക്കി. താക്കോൽദാനം ഇന്ന് രാവിലെ 11ന് മന്ത്രി കെ.രാജു നിർവഹിക്കുന്നതോടെ മിത്രപുരം മുണ്ടാണിയിൽ രവിക്കും കുടുംബത്തിനും ഇനി ആശ്വാസത്തോടെ അന്തിയുറങ്ങാം.കഴിഞ്ഞ വർഷം ഓണക്കിറ്റ് എത്തിക്കുന്നതിനായി യുവതയുടെ പ്രവർത്തകർ എത്തിയപ്പോഴാണ് ഈ കുടുംബത്തിന്റെ ദുരിതജീവിതം കണ്ടത്. റോഡിൽ നിന്നും 300 മീറ്ററോളം കാട്ടുവഴി താണ്ടിയെത്തിയപ്പോൾ കണ്ടത് ഇടിഞ്ഞു വീഴാറായിരിക്കുന്ന ആ വീടിന്റെ ഭിത്തിയിൽ വേലിക്കല്ല് ചാരിയിരിക്കുന്ന ദയനീയാവസ്ഥ.പെട്രോൾ പമ്പിലെ ജോലിചെയ്ത് ഉപജീവനം നടത്തിവരവേ തളർവാതം പിടിപെട്ട് പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത ഗൃഹനാഥൻ രവിയും,എട്ടും നാലും വയസുള്ള രണ്ട് കുഞ്ഞുങ്ങളും . ഇവരെ തനിച്ചാക്കി ഗൃഹനാഥയ്ക്കും കൂലിവേലയ്ക്ക് പോകാൻ കഴിയാത്ത അവസ്ഥ.ആ കാഴ്ച്ച കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു പോകാൻ യുവതയുടെ പ്രവർത്തകർക്കായില്ല.മൂന്നൂറ് മീറ്ററോളം ദൂരത്തിൽ പാറ,മണൽ,സിമിന്റ്, ഹോളോബ്രിക്സ് എന്ന തലച്ചുടായി എത്തിച്ച് 40 ദിവസം കൊണ്ടാണ് വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. 85ശതമാനം ജോലികളും യുവതുടെ പ്രവർത്തകരുടെ കൂട്ടായ യത്നത്തിലൂടെ. 480ചതുരശ്രഅടി വിസ്തീർണ്ണമുള്ള വീടിന് ഒരു അടുക്കള, രണ്ട് ബെഡ് റൂം,വിലയ ഹാൾമുറി, സിറ്റൗട്ട് എന്നിവയ്ക്ക് പുമേ മുറ്റത്ത് ടൈൽവിരിച്ചും മനോഹരമാക്കി.ഇതിന് പുമറേ ടി.വി,ഫ്രിഡ്ജ്,ഡൈനിംഗ് ടേബിൾ,കട്ടിൽ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങളും വാങ്ങിനൽകിയതോടെ എല്ലാവിധ സൗകര്യങ്ങളോടെയും ഈ കുടുംബത്തിന് അന്തിയുറങ്ങാം.

യുവതയുടെ പ്രവർത്തനത്തെ എത്രപ്രശംസിച്ചാലും മതിയാകില്ല.വീടുനിന്ന സ്ഥലത്തിന് മതിയായ രേഖകൾ ഇല്ലാത്തതിനാൽ സർക്കാർ സഹായമോ, വീടോ ലഭിക്കുന്നതിനും തടസം ഏറെയായിരുന്നു.ഈ സമയത്താണ് യുവതയുടെ സഹായ ഹസ്തം ഈ കുടുംബത്തിന് കൈത്താങ്ങായത്.

ഉമ്മൻ തോമസ്,

(വാർഡ് കൗൺസിലർ)

യുവത

500 ഓളം യുവാക്കൾ ചേർന്ന ഒരു കൂട്ടായ്മ, ഇതിൽ ആർക്കും ലീഡർഷിപ്പില്ല, എല്ലാവരും സമന്മാർ, രാഷ്ട്രീയമോ, ജാതിമതചിന്തകളോ ഇല്ലാതെ എല്ലാവരും തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്ന സംഘടന. നൂറ് കണക്കിന് ആളുകൾക്കാണ് ഈ സംഘടനയുടെ കരുണയുടെ കരങ്ങൾ നീളുന്നത്.