cc
.

@പ്രമാടത്ത് ഇന്ന് പരിശോധന

കോന്നി : കൊവിഡ് ബാധിച്ച് ഇന്നലെ പ്രമാടത്ത് മരിച്ച വിമുക്തഭടൻ താഴയിൽ ടി.എൻ. പുരുഷോത്തമന്റെ വീട്ടിലെ ആറുപേർക്കുകൂടി കൊവിഡ്. പുരുഷോത്തമന്റെ ഭാര്യ, രണ്ട് ആൺമക്കൾ, ഒരു മരുമകൾ, ഭാര്യാ മാതാവ്, കൊച്ചുമകൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ച പുരുഷോത്തമന്റെ മൂത്തമകനിലാണ് ആദ്യം രോഗബാധ കണ്ടെത്തിയത്. ഇദ്ദേഹം നടുവിന് വേദനയുടെ ചികിത്സയ്ക്ക് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കഴിഞ്ഞിട്ടുണ്ട്.

തുടർന്ന് വീട്ടിലുള്ള മറ്റുള്ളവർക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇവരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.

പുരുഷോത്തമനെ മൂന്നും ദിവസം മുമ്പാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ തുടരുന്നതിനിടെ ബുധനാഴ്ച രാത്രിയിലാണ് മരണം,. ഇന്നലെ വൈകിട്ടോടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വീട്ടുവളപ്പിൽ സംസ്കാരം നടത്തി. വിറക് ഉപയോഗിച്ചുള്ള ദഹനത്തിനുള്ള ഒരുക്കമാണ് നടത്തിയിരുന്നതെങ്കിലും നാട്ടുകാർ ആശങ്ക അറിയിച്ചതിനെ തുടർന്ന് ഇത് ഉപേക്ഷിച്ചു. തുടർന്ന് വൈകിട്ടോടെ ഗ്യാസ് ഉപയോഗിച്ച് മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.

പരിശോധന ഇന്ന്

ഒരു കുടുംബത്തിൽ ഒരാൾ മരിക്കുകയും അവിടുത്തെ ഏഴുപേർക്കും പഞ്ചായത്തിലെ നിരവധി ആളുകൾക്കും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടർന്ന് ഇന്ന് ആരോഗ്യ വകുപ്പ് പ്രമാടത്ത് ആന്റിജൻ ടെസ്റ്റ് നടത്തും. രാവിലെ 9.30 മുതൽ പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലാണ് പരിശോധന. വിവിധ മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറുപേർക്കാണ് പരിശോധന നടത്തുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ ആന്റിജൻ ടെസ്റ്റ് നടത്തും.