theku

തണ്ണിത്തോട് : സംസ്ഥാനത്ത് നിലമ്പൂർ കഴിഞ്ഞാൽ മികച്ച തേക്കുകളുള്ള റാന്നി, കോന്നി വനം ഡിവിഷനുകളിലെ തേക്ക് പ്ലാന്റെഷനുകൾ ടോങ്കിയ സമ്പ്രദായത്തിന്റെ വിളവെടുപ്പ് ഭൂമിയാണ്. തിരുവിതാംകൂർ ദിവാനായിരുന്ന ടി.മാധവറാവുവാണ് ഇവിടെ തേക്ക് തോട്ടങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചത്. വൃക്ഷങ്ങളും കാർഷിക വിളകളും ചേർന്ന സംയോജിത കൃഷിരീതി വിദേശ രാജ്യങ്ങളിലുണ്ടായിരുന്നു. ഇതിൽ ബ്രട്ടീഷുകാർക്കും താത്പര്യമുണ്ടായിരുന്നു. നിലമ്പൂരിലെ തേക്ക് തോട്ടങ്ങളിൽ തേക്ക് പരിപാലനത്തിൽ പ്രാവിണ്യം നേടിയ അസിസ്റ്റന്റ് കൺസർവേറ്റർ തോമസിന്റെ നേതൃത്വത്തിൻ 1867 ലാണ് ആദ്യ തൈകൾ നട്ടത്. 1910 ൽ ടോങ്കിയ സമ്പ്രദായത്തിൽ തേക്ക് കൃഷിയാരംഭിച്ചു. തേക്ക് തൈകൾ വച്ച് നാലു വർഷത്തേക്ക് ഇടവിളയായി നെല്ലും മുതിരയും കൃഷി ചെയ്യാൻ കർഷർക്കും, സംഘങ്ങൾക്കും നൽകി തേക്കിന്റെ സംരക്ഷണം ഉറപ്പാക്കുന്നതാണ് ടോങ്കിയ കൃഷി. പാട്ടക്കാലാവധി കഴിഞ്ഞ് സ്ഥലവും തേക്ക് തൈകളും വനം വകുപ്പിന് തിരികെ നൽകണം. 1914 ൽ കോന്നി വനമേഖലയിലെ 160 ഹെക്ടർ ഈറ്റയുള്ള ഭാഗം ഇതിനായി തിരഞ്ഞെടുത്തു. 1921ൽ കടയാറിൽ 44 ഹെക്ടറിലും, ചെങ്ങറ കടവുപുഴയിൽ 38 ഹെക്ടർ സ്ഥലത്തും ടോങ്കിയ സമ്പ്രദായത്തിലൂടെ തൈകൾ നട്ടു. കൃഷിക്കാർ ഹെക്ടറൊന്നിന് 4 രൂപ മുതൽ 11 രൂപ വരെ അന്ന് പാട്ടസംഖ്യ അടയ്ക്കണമായിരുന്നു. ടോങ്കിയ സമ്പ്രദായം കടയാറിലും കടവുപുഴയിലും വിജയിച്ചു. ഇവിടുത്തെ മണ്ണ് നെൽകൃഷിക്കനുയോജ്യമായിരുന്നു കൂടാതെ നെൽകൃഷിയിൽ താത്പര്യമുള്ള കർഷകരും ഇവിടെയുണ്ടായിരുന്നു. 1925ൽ മദ്രാസിലെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായിരുന്ന ടയർമാൻ ഈ തേക്കുതോട്ടങ്ങൾ സന്ദർശിച്ച് നിലമ്പൂരിലെ തേക്ക് തോട്ടങ്ങളെക്കാൾ മികച്ച പരിചരണം ഇവയ്ക്ക് ലഭിക്കുന്നതായി അഭിപ്രായപ്പെട്ടു. ഇവ നേരിൽ കണ്ട് പഠിക്കുന്നതിനായി തിരുവിതാംകൂറിലെ ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആർ.എസ്.ബ്രൗണിനെ ഇവിടേക്ക് അയച്ചു.1922 ൽ കടയാറിൽ 48 ഹെക്ടർ സ്ഥലത്തേക്കും കടവുപുഴയിൽ 66 ഹെക്ടർ സ്ഥലത്തേക്കും ടോങ്കിയ കൃഷിരീതി വ്യാപിച്ചു. 1907 ന് മുൻപ് തിരുവിതാങ്കൂറിൽ 700 ഹെക്ടറിലായിരുന്ന തേക്ക് കൃഷി 1105 ഹെക്ടറിലേക്ക് വ്യാപിച്ചു.

പരമ്പരാഗതവും വൈവിദ്ധ്യപൂർണ്ണവുമായ കാർഷിക വനവത്കരണരീതിയായിരുന്ന ടോങ്കിയ കൃഷിയെ പറ്റി പഠിക്കാൻ പുതിയ തലമുറയ്ക്ക് കഴിയണം.

ചിറ്റാർ ആനന്ദൻ,

പരിസ്ഥിതി പ്രവർത്തകൻ