പത്തനംതിട്ട: ജില്ലയിൽ ഇൗ വർഷം ഇതുവരെ മുങ്ങി മരിച്ചത് 26 പേർ. 25ഉും പുരുഷൻമാരാണ്. മഴ തുടങ്ങിയ ശേഷം ജൂൺ മുതൽ ഇൗ മാസം അഞ്ച് വരെ 13പേർ മുങ്ങി മരിച്ചിട്ടുണ്ട്.
മുങ്ങിമരണങ്ങളിൽ ഏറെയും അശ്രദ്ധ മൂലമുണ്ടായതാണ്. മദ്യപിച്ചും അല്ലാതെയും കൂട്ടുകാരുമായി ചേർന്ന് നീന്തുക, മദ്യപിച്ച ശേഷം ജലാശയത്തിന് സമീപത്തുകൂടി പോകുമ്പോൾ നിലതെറ്റി വീഴുക, ഒഴുക്കുള്ള വെള്ളത്തിൽ നീന്തുക, വഴുക്കലുള്ള വെള്ളത്തിൽ കുളിക്കാനും തുണി കഴുകാനും ഇറങ്ങുമ്പോൾ വെള്ളത്തിൽ വീഴുക, ആത്മഹത്യാശ്രമം, അവധി ആഘോഷത്തിനായി ബന്ധുവീട്ടിലെത്തുന്ന വിദ്യാർത്ഥികൾ ആഴവും ചുഴിയും അറിയാതെ നീന്താൻ ഇറങ്ങുകയും അപകടത്തിൽപ്പടുകയും ചെയ്യുക, മതിയായ മുൻകരുതൽ ഇല്ലാതെ അപകടത്തിൽപെട്ടവരെ രക്ഷിക്കാനായി ശ്രമിക്കുക, ആൾമറയില്ലാത്ത കിണറുകളുടെ വക്കിൽ അശ്രദ്ധമായിരിക്കുക തുടങ്ങിയവയാണ് വെള്ളത്തിൽ വീണ് മരണപ്പെടാൻ ഇടയാക്കുന്ന കാരണങ്ങൾ.
ആരെങ്കിലും വെള്ളത്തിൽ വീണാൽ ഫയർഫോഴ്സിനെയാണ് ആദ്യം വിളിക്കുന്നത്. ജീവനോടെ കരയ്ക്കെടുത്തില്ലെങ്കിൽ കുറ്റം മുഴുവനും ഫയർഫോഴ്സിനാണ്. അവർക്കും പരിമിതികളുണ്ട്. ജലാശയങ്ങളിലെ ഒഴുക്കിന്റെ വേഗത, മലവെള്ളപ്പൊച്ചിൽ കാരണം വെള്ളം കലങ്ങി അടിയിൽ കാഴ്ചയില്ലാതാകുന്നു, നദികളിലൂടെ ഒഴുകിവരുന്ന തടി, കൂർത്ത കമ്പുകൾ, വെള്ളത്തിനടിയിലേക്ക് പോകുമ്പോഴുളള മർദ്ദവ്യതിയാനം, കടുത്ത തണുപ്പ്, അടിത്തട്ടിലെ ചെളി, കരയ്ക്ക് നിന്ന് വലിച്ചെറിയുന്ന കുപ്പിച്ചില്ലുകൾ തുടങ്ങിയവയാണ് രക്ഷാ പ്രവർത്തനത്തിന് തടസമാകുന്നത്.
----
മരണം
@ കോഴഞ്ചേരി-5, അടൂർ-7, തിരുവല്ല-6, മല്ലപ്പള്ളി, കോന്നി- 3 വീതം, റാന്നി- രണ്ട്.
മദ്യപിച്ച് വെളളത്തിൽ വീണ് മരിച്ചവർ ഏഴ്, ആത്മഹത്യ നാല്, അശ്രദ്ധമായ നീന്തൽ ആറ്, കുളിക്കാൻ ഇറങ്ങുമ്പോൾ കാൽ തെന്നി വീണുള്ള അപകടം ഒന്ന്, ആൾമറയില്ലാത്ത കിണറ്റിൽ വീണുള്ള അപകടം രണ്ട്, അബദ്ധവശാൽ സംഭവിച്ചതും കാരണം വ്യക്തമല്ലാത്തതുമായുള്ള അപകട മരണങ്ങൾ ആറ്
----------
'' നദികളുടെയും കുളങ്ങളുടെ അരികിലൂടെ പോകുമ്പോൾ വലിയ ശ്രദ്ധവേണം. കാലൊന്ന് വഴുതിയാൽ ചിലപ്പോൾ ജീവൻ നഷ്ടമായേക്കാം.
വി. വിനോദ്കുമാർ, ജില്ലാ ഫയർ ഒാഫീസർ പത്തനംതിട്ട.