അടൂർ : കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക സമ്പർക്കപ്പട്ടിയിലുള്ള പലരേയും ക്വാറന്റൈനിൽ പോകാൻ അനുവദിക്കാത്തതിൽ ജീവനക്കാർക്കിടയിൽ കടുത്ത അമർഷം പുകയുന്നു. ഏറ്റവും കുറഞ്ഞത് 30 ഓളം ജീവനക്കാരെങ്കിലും സമ്പർക്കപ്പട്ടികയിലുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇത്രയും ആളുകളും വീടുകളിൽ ക്വാറന്റൈനിൽ പോകേണ്ടവരാണ്. എന്നാൽ അതിന് അനുവദിക്കാത്ത എ.ടി.ഒയുടെ നടപടിയിലാണ് അമർഷം. മൂന്ന് ദിവസങ്ങളിലായി ഡിപ്പോ അധികൃതർ തയാറാക്കിയ സമ്പർക്ക പട്ടികയിൽ കേവലം 12 പേർമാത്രമാണുള്ളത്. 10ന് രണ്ട് സ്റ്റേഷൻമാസ്റ്റർമാർ ഉണ്ടായിരുന്നതിൽ ഒരാളെ മാത്രമാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.കൂടുതൽപ്പേരെ ഉൾപ്പെടുത്തിയാൽ സർവീസ് മുടങ്ങുമെന്ന മുടന്തൻ ന്യായമാണ് ഡിപ്പോ അധികൃതരുടേത്. അതേ സമയം തങ്ങളുടെ ജീവന് യാതൊരു സുരക്ഷിതത്വവും നൽകാത്ത നിലപാടിൽ നിന്നും എ.ടി.ഒ പിൻമാറണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇത് സംബന്ധിച്ച് എ.ടി.ഒയെ വിമർശിച്ച് ചില ജീവനക്കാർ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്തു. 50 ഷെഡ്യൂൾ ഉണ്ടായിരുന്ന ഡിപ്പോയിൽ ഇന്ന് 18ൽ താഴെ സർവീസുകളാണ് നടത്തുന്നത്. ഇന്നും നാളെയുമായി നടക്കുന്ന ആന്റിജൻ ടെസ്റ്റോടെ ആശങ്കപരിഹരിക്കുമെന്നവാദത്തിൽ കഴമ്പില്ലെന്നതാണ് ജീവനക്കാരുടെ നിലപാട്.