തിരുവല്ല: നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിലും തിരുവല്ല മുനിസിപ്പാലിറ്റിയിലും കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാക്കി. മണ്ഡലത്തിലാകെയുള്ള ചികിത്സാ കേന്ദ്രങ്ങളിലായി 1500 കിടക്കകൾ ഒരുക്കിയിട്ടുണ്ടെന്നും തദ്ദേശ സ്ഥാപനങ്ങൾ ഉണർന്ന് പ്രവർത്തിച്ചതായും മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു. നിരണത്ത് മുകളടി സർക്കാർ യു.പി സ്‌ക്കൂളും,കുറ്റൂരിൽ ശിശുവിഹാറുമാണ് ഒടുവിൽ ചികിത്സാ കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടത്. നഗരസഭയിലെ തിരുമൂലപുരം മലങ്കര കത്തോലിക്കപ്പള്ളി ഓഡിറ്റോറിയം,കടപ്രയിലെ പരുമല നഴ്‌സിംഗ് സ്‌ക്കൂൾ, നെടുമ്പ്രം പഞ്ചായത്തിനു വേണ്ടി കുറ്റപ്പുഴ മാർത്തോമ കോളേജ് പഴയ ലേഡീസ് ഹോസ്റ്റൽ, പെരിങ്ങരയിൽ പി.എം.വി സ്‌കൂൾ,കവിയൂരിൽ മാർത്തോമ സെൻട്രൽ സ്‌ക്കൂൾ, കുന്നന്താനത്ത് അസാപ് കെട്ടിടം, കല്ലൂപ്പാറയിൽ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ്,പുറമറ്റത്ത് പോളിടെക്‌നിക് ഹോസ്റ്റൽ, മല്ലപ്പള്ളിയിൽ കീഴ്‌വായ്പൂര് വി.എച്ച്.എസ്.ഇ കെട്ടിടം, ആനിക്കാട് എമ്മാവുസി ധ്യാനകേന്ദ്രവും ഉദ്ഘാടനം കഴിഞ്ഞ് സജ്ജമാണ്.കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടുവാൻ തിരുവല്ല തയാറായി കഴിഞ്ഞു. നഗരസഭയിൽ ഇനിയും ആവശ്യമെങ്കിൽ മുത്തൂരിലെ ശ്രീഭദ്ര ഓഡിറ്റോറിയവും കുറ്റപ്പുഴ യരുശലേം മാർത്തോമ പാരീഷ് ഹാളും വാരിക്കാട് സെഹിയോൻ ആഡിറ്റോറിയവും സജ്ജമാക്കുവാൻ നടപടി തുടങ്ങി.

ചികിത്സാ ഉപകരണങ്ങൾ ലഭ്യമാക്കി


എല്ലാ ചികിത്സാ കേന്ദ്രങ്ങളിലും കട്ടിലുകളും മെത്തകളും തലയിണകളും ഷീറ്റ്,ബക്കറ്റ്, മഗ് തുടങ്ങിയ സാധനങ്ങളും തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തി ലഭ്യമാക്കിയിട്ടുണ്ട്.ശുചിമുറികളും ക്രമീകരിച്ചു. ചെറുപ്പക്കാരായ വാളണ്ടിയർമാർ എല്ലായിടത്തും സജീവമായി പ്രവർത്തിക്കുന്നു.എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിച്ചു കൊണ്ട് എല്ലാ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലും മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കുവാൻ സ്‌പോൺസർമാർ തയാറായി.ഇൻഫ്രാറെഡ് തെർമോമീറ്റർ, പൾസ് ഓക്‌സിമേറ്റർ,നെബുലൈസർ,ഡിജിറ്റൽ ബി.പി അപ്പാരറ്റസ്, സ്റ്റെതസ്‌കോപ്പ്, ഗ്ലൂക്കോമീറ്റർ എന്നീ ഉപകരണങ്ങൾ എല്ലാ ചികിത്സാ കേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്.

തിരുവല്ല നഗരസഭ ചെയർമാനും എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും അവരുടെ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ആരോഗ്യപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും കൂട്ടിയോജിപ്പിച്ച് വലിയ അദ്ധ്വാനമാണ് ഈ ദിവസങ്ങളിൽ കാഴ്ചവച്ചത്

മാത്യു..ടി.തോമസ്

(എം.എൽ.എ)